നാവായിക്കുളം : നവായിക്കുളത്ത് തെരുവുനായ്ക്കൾ 16 മുട്ടക്കോഴികളെ കടിച്ചുകൊന്നു. നാവായിക്കുളം ഷെഹ്നാമൻസിലിൽ ഷെരീഫയുടെ വീട്ടിലെ കോഴിക്കൂട് തകർത്താണ് തെരുവുനായ്ക്കൾ കോഴികളെ കടിച്ചുകൊന്നത്.എട്ട് കോഴികളെ നായ്ക്കൾ കടിച്ചുകൊണ്ടുപോയി. എട്ടെണ്ണം കൂടിനകത്തും പുറത്തുമായി ചത്തുകിടന്നു. കഴിഞ്ഞദിവസം പുലർച്ചെ രണ്ടരയോടെ കോഴികളുടെ ബഹളംകേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോൾ ഒരു കൂട്ടം നായ്ക്കൾ കോഴികളെയും കടിച്ചെടുത്ത് ഓടുന്നതാണ് കണ്ടത്. പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്.