നെടുമങ്ങാട്: നിരവധി മോഷണക്കേസുകളിലെ പ്രതികളെ നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തു. ആനാട്, പുല്ലേക്കോണം പുതുവൽ പുത്തൻവീട്ടിൽ ജോണി എന്നു വിളിക്കുന്ന ജോൺസൺ (23), നെടുമങ്ങാട് അരശുപറമ്പ് തച്ചരുകോണത്തു വീട്ടിൽ നിന്നും ആനാട്, ഇരിഞ്ചയം, വേട്ടമ്പള്ളി, താമരക്കുളം, കുന്നുംപുറത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിബിൻ (25) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒന്നിനും പത്തിനും ഇടയ്ക്കുള്ള ഏതോ ദിവസം കരുപ്പൂർ സ്വദേശി രാജേശ്വരിയുടെ വീടിൻ്റെ പിൻ ഭാഗത്ത് വെൻ്റിലേഷന് പകരമായി ഇട്ടിരുന്ന ടാർപ്പാളിൻ പൊളിച്ച് അകത്തു കയറി വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ടിവിയും മിക്സിയും വെങ്കല പാത്രങ്ങളും മോഷണം നടത്തി കൊണ്ടു പോയതിനാണ് ഇവർ പിടിയിലായത്.
ജോലി സംബന്ധമായി തിരുവനന്തപുരത്ത് താമസിച്ചു വരുന്ന രാജേശ്വരി മാസത്തിൽ ഒരു പ്രാവശ്യമാണ് വീട്ടിൽ വരാറുള്ളത്. ഇവർ 12-ാം തിയതി വീട്ടിൽ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇവരുടെ പരാതിയിൽമേൽ പോലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരുവരും നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ നിരവധി മോഷണക്കേസുകളിലെ പ്രതികളാണ്. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാർ, എസ്.ഐമാരായ സുനിൽ ഗോപി, ഷിഹാബൂദീൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരി, സിവിൽ പോലീസ് ഓഫീസർ സഫീർ, ഡ്രൈവർ എസ്.സി.പി.ഒ ബിജു, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു.