വർക്കല : വർക്കല മുത്താനയിൽ നിയന്ത്രണംവിട്ട കാർ ഒതുക്കി വെച്ചിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച ശേഷം മതിലിലിടിച്ചു കറങ്ങി നിന്നു. ഇന്ന് രാത്രി 9അരയോടെയാണ് സംഭവം. ഞെക്കാട് ഭാഗത്ത് നിന്നും മുത്താനയിലേക്ക് പോയ കാർ കൊല്ലംവിളാകം ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട് റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച ശേഷം സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ കറങ്ങിത്തിരിഞ്ഞു റോഡിന്റെ മധ്യഭാഗത്ത് നിന്നു. കാറിൽ നിന്ന് പുക ഉയർന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തി കാറിൽ നിന്ന് പുക ഉയർന്ന ഭാഗത്ത് വെള്ളം ചീറ്റി അപകട സാധ്യത ഒഴിവാക്കി. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറങ്ങിപ്പോയതാവം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.