മേനംകുളം : പുലർച്ചയോടെ വീടിന്റെ മറ പൊളിച്ചിറങ്ങിയ മോഷ്ടാവ് ബഹളം കേട്ട് ഉണർന്ന കുട്ടിയുടെ കഴുത്തു ഞെരിക്കാൻ ശ്രമിക്കുകയും ഇതു ചെറുക്കാൻ ശ്രമിച്ച ഗൃഹനാഥനെ കടിച്ചു പരുക്കേൽപ്പിച്ചശേഷം ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ മേനംകുളം തുമ്പവിളാകത്തു താമസിക്കുന്ന രഞ്ജിത്തി(30) കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തു. മോഷ്ടാവിന്റെ കടിയേറ്റ മേനംകുളം കരിഞ്ഞവയൽവീട്ടിൽ സ്റ്റാൻലി ജോസഫ്(54)നെ കഴക്കൂട്ടം പൊലീസ് സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സനൽകി.
പുലർച്ചയ്ക്ക് രണ്ടുമണിയോടെ ഭാഗീഗമായി പണിപൂർത്തിയായ വീടിന്റെ മറ പൊളിച്ചുകടന്ന മോഷ്ടാവ് എന്തോ പരതുന്നതുകണ്ട് സമീപത്തുകിടന്നുറങ്ങിയ കുട്ടി എണീറ്റ് ബഹളം വെച്ചു. ഇതു കേട്ട മോഷ്ടാവ് കുട്ടിയുടെ കഴുത്തു ഞെരിക്കാൻ ശ്രമം നടത്തി. ബഹളം കേട്ടുണർന്ന സ്റ്റാൻലി മോഷ്ടാവിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് മുതുകിലും കൈയിലും കഴുത്തിനു താഴെയുമെല്ലാം കടിച്ചുപരുക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടു. രഞ്ജിത്തിനെ പിന്നീട് കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ മനോനില തകരാറിലായ നിലയിൽ പെരുമാറിയിരുന്നതായി കഴക്കൂട്ടം പൊലീസ് പറഞ്ഞു.