പള്ളിക്കൽ : പിടിച്ചുപറി കേസിലെ പ്രതിയായ കൊല്ലം മുക്കോട് പരുന്തൻപാറ കിഴക്കേമുകളിൽ വീട്ടിൽ രാജീവിനെ (40)പൊലീസ് അറസ്റ്റു ചെയ്തു. മടവൂർ പാറയിൽവാതുക്കലിൽ ചായക്കച്ചവടം നടത്തുന്ന തട്ടാൻവിള വീട്ടിൽ സേമരാജനിൽ നിന്നു പണം പിടിച്ചുപറിച്ച് കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ സോമരാജൻ കട തുറക്കാൻ പോകവേ പിറകേ ബൈക്കിലെത്തിയ പ്രതി അടുത്തെത്തി ബൈക്ക് നിറുത്തി ഓയൂരിൽ പോകുന്ന വഴി ചോദിക്കുകയും തുടർന്ന് കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിച്ച ശേഷം ഷർട്ടിന്റെ പോക്കറ്റ് വലിച്ചുകീറി 5500 രൂപ തട്ടിയെടുക്കുകയുമായിരുന്നു. കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകന് ലഭിച്ച രഹസ്യവിവരത്തിനെ തുടർന്ന് പള്ളിക്കൽ സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ അജി.ജി.നാഥ്,എസ്.ഐ പി.അനിൽകുമാർ,ജി,എസ്.ഐമാരായ വിജയകുമാർ,ബിജു ഹക്ക്,എ.എസ്. ഐമാരായ ജിഷി ബാഹുലേയൻ,സുരേഷ് കുമാർ,സി.പി.ഒമാരായ സുധീർ,അനിൽകുമാർ എന്നിവർ ചേർന്ന് കൊല്ലം ചീരൻങ്കാവിൽ നിന്നു പ്രതിയെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.