കല്ലമ്പലം മേഖലയില്‍ ലഹരി ഉപയോഗവും വ്യാപാരവും തകൃതി. കല്ലമ്പലം , മാവിന്‍മൂട്, നാവായിക്കുളം വടക്കേവയല്‍, നാറാണത്തുചിറ, കുടവൂര്‍ ലക്ഷംവീട് വെടയത്ത് കുളം, കരിമ്പുവിള ആറുസെന്റ്, തുടങ്ങി വിവിധ സ്ഥലങ്ങളില്‍ യുവാക്കള്‍ സംഘടിച്ച് ലഹരിമരുന്ന് ഉപയോഗിക്കുന്നതായാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. വിവിധയിനം ലഹരി പദാര്‍ത്ഥങ്ങളാണ് ഉപയോഗിക്കുന്നത്. ഇവരില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് എക്സൈസിന്റെയും പൊലീസിന്റെയും പിടിയിലാകുന്നത്. രണ്ടു മാസത്തിനിടയില്‍ നാവായിക്കുളം പള്ളിക്കല്‍ മേഖലകളില്‍ നിന്നും എക്സൈസ് പിടികൂടിയത് നാലര കിലോ കഞ്ചാവാണ്. ഗ്രാമീണ മേഖലകളിലും കഞ്ചാവു വില്‍പനയും സംഘം ചേര്‍ന്നുള്ള മദ്യപാനവും കൂടുന്നതായും പരാതിയുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയില്‍ ഓട്ടോയില്‍ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. സംഭവത്തില്‍ കോയമ്ബത്തൂര്‍, കൊട്ടിയം സ്വദേശികളായ യുവാക്കള്‍ പിടിയിലായി. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. 30 കിലോ കഞ്ചാവുമായി കൊല്ലത്തു നിന്നും യാത്ര തിരിച്ച ഇവര്‍ കൊല്ലം ജില്ലയിലെ പല സ്ഥലങ്ങളിലും കഞ്ചാവ് നല്‍കിയാണ് കല്ലമ്ബലം ഭാഗത്ത് എത്തിയത്. സ്ഥിരമായി വാങ്ങുന്ന സംഘങ്ങളുണ്ട്. അവര്‍ ഇത് വീണ്ടും ചെറു പൊതികളാക്കി യഥാര്‍ത്ഥ ഉപഭോക്താവിന് നല്‍കും. നാട്ടിന്‍പുറങ്ങള്‍, ബീച്ച്, ഹോട്ടല്‍ എന്നിവ കേന്ദ്രീകരിച്ചാണ് വില്‍പന. 15 വയസ് പ്രായമുള്ളവര്‍ വരെ ഇത് ഉപയോഗിക്കുന്നതായും അവര്‍ വെളിപ്പെടുത്തി. കൂടാതെ മദ്യപാന സംഘങ്ങളും ഇതിന് അടിമയാണ്.
അടുത്തിടെയാണ് വര്‍ക്കല റിസോര്‍ട്ടുകളിലും, ഹോംസ്റ്റേകളിലും എക്സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹെലിപാഡിന് സമീപത്തെ ആഡംബര റിസോര്‍ട്ടില്‍ നിന്നു വില്‍പനയ്ക്ക് സൂക്ഷിച്ച 300 ഗ്രാം കഞ്ചാവുമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇതില്‍ മൂന്നോളം പേര്‍ നാവായിക്കുളം പഞ്ചായത്തിലുള്ളവരാണ്. കല്ലമ്പലത്തും സമീപ പ്രദേശങ്ങളിലും മയക്കുമരുന്ന് ഉപയോഗത്തിനും വില്‍പ്പനയ്ക്കും തടയിടുന്നതിനായി എക്സൈസ് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജനങ്ങളുടെ സഹകരണവും പിന്തുണയും ലഭിച്ചാലേ ഇതിന് പൂര്‍ണമായും തടയിടാനാകൂ. മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും അറിയാനിടയായാല്‍ എക്സൈസിനെ അറിയിക്കണം.
എം.നൗഷാദ്
(സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍)
വര്‍ക്കല എക്സൈസ് സര്‍ക്കിള്‍ ഓഫീസ് നാവായിക്കുളം
ഫോണ്‍: 9447556578