ആറ്റിങ്ങൽ: ആർ. പ്രകാശം സ്മാരക അവാർഡിനായി ആറ്റിങ്ങൽ നഗരസഭ 22-ാം വാർഡ് കൗൺസിലർ ജി. തുളസീധരൻ പിള്ളയെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും, ഫലകവും, പ്രശസ്തി പത്രവുമാണ് അവാർഡിനായി നൽകുന്നത്.
നഗരസഭയുടെ പ്രഥമ ചെയർമാനായിരുന്ന ആർ.പ്രകാശത്തിന്റെ സ്മരണാർത്ഥം പി.എം രാമൻ ഫൗണ്ടേഷനും കുടുംബ സുഹൃത്തായ വക്കം രവിയും ചേർന്നാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. 5 വർഷത്തിൽ ഒരിക്കലാണ് അവാർഡ് നൽകുന്നത്.
ചെയർമാൻ, വൈസ് ചെയർപേഴ്സൺ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റി ഫൗണ്ടേഷൻ അംഗമായ ഒരാളുടെ സാന്നിദ്ധ്യത്തിലാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ഇവർ മൂന്നുപേർക്കും അവാർഡിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
കഴിഞ്ഞ ദിവസം നഗരസഭ ഓഫീസിൽ ആർ. പ്രകാശത്തിന്റെ മകൾ ജമീല പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ നഗരസഭ ചെയർമാൻ എം.പ്രദീപ്, വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, പ്രതിപക്ഷ നേതാവ് എം. അനിൽകുമാർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗം ചേർന്നാണ് തുളസീധരൻ പിള്ളയെ അവാർഡിന് അർഹനാക്കിയത്.
റിട്ട. സ്കൂൾ ഹെഡ് മാസ്റ്റർ കൂടിയായ ജി. തുളസീധരൻ പിള്ള രണ്ടാം തവണയാണ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. 2005 മുതൽ 2010 വരെ കൗൺസിലറും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ആയിരുന്നു. ഇതിന് മുമ്പും ഇദ്ദേഹത്തിന് മറ്റ് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. റിട്ട. അധ്യാപിക പ്രസന്നകുമാരി ഭാര്യയും, രഞ്ചുഷ (അധ്യാപിക), മഞ്ചുഷ (ഡോക്ടർ) എന്നിവർ മക്കളുമാണ്.