കടയ്ക്കാവൂർ : പോലീസുകാർക്കെതിരെ അക്രമ ആരോപണങ്ങൾ ഉയരുന്ന ഈ സാഹചര്യത്തിൽ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ നന്മയുടെ മാതൃകയാകുന്നു. മക്കൾ ഉപേക്ഷിച്ച രോഗിയായ വൃദ്ധ മാതാവിന് സി.ഐയുടെ ഇടപെടലിൽ സംരക്ഷണം ഒരുക്കി. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ഷെരീഫാണ് ആരോരുമില്ലാത്ത വൃദ്ധയ്ക്ക് തണലൊരുക്കാൻ പഞ്ചായത്തിനൊപ്പം കൂടിയത്.
കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആയാന്റെവിള ദേശത്ത് കൊച്ചുവിള വീട്ടിൽ വിശ്വനാഥന്റെ വിധവയായ ഭാര്യ രജനി(66)യെയാണ് മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രജനിക്ക് രണ്ടു മക്കളാണ്. മകൾ ഹേമ(45), മകൻ മണികണ്ഠൻ(36). എന്നാൽ മക്കളുടെയോ ബന്ധുക്കളുടെയോ യാതൊരു സംരക്ഷണം കിട്ടാതെ ഒറ്റയ്ക്ക് വാടക (മലോട്)വീട്ടിൽ കഴിയുകയായിരുന്നു. ആരുടേയും ഒരു ആശ്രയവും ഇല്ലാതെ കഴിഞ്ഞ രജനിയുടെ കാൽപാദം മുറിഞ്ഞ് വ്രണം വന്ന പഴുത്ത നിലയിലായിരുന്നു. പ്രാഥമിക ആവശ്യം പോലും നിർവ്വഹിക്കാൻ കഴിയാതെ അവർ ആകെ ദുരിതത്തിൽ കഴിയുകയായിരുന്നു. ഈ ദയനീയ അവസ്ഥ കണ്ട അയൽവാസിയായ രാജുവാണു അവർക്ക് ആഹാരം നൽകിയിരുന്നത്. എന്നാൽ അവരുടെ അവസ്ഥ മോശമായി മാറുന്നത് മനസ്സിലാക്കിയ നാട്ടുകാർ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറേയും വിവരമറിയിച്ചു. തുടർന്ന് തക്കസമയത്ത് തന്നെ പഞ്ചായത്ത് അധികൃതർ കടക്കാവൂർ സർക്കിൾ ഇൻസ്പെക്ടർ ഷെരീഫിനെ വിവരമറിയിച്ചു.
തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ മക്കളെ ബന്ധപ്പെട്ടപ്പോൾ അമ്മയെ സംരക്ഷിക്കാൻ അവർ വിസമ്മതം പ്രകടിപ്പിച്ചു. ഈ അവസരത്തിൽ അവരുടെ സംരക്ഷണത്തിനായി പത്തനാപുരത്തുള്ള ഗാന്ധിഭവൻ കോഡിനേറ്റർ വക്കം ഷാജഹാനെ ബന്ധപ്പെടുകയും സുഖമില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന രജനിയെ വന്ന് നേരിൽ കണ്ട് മനസ്സിലക്കിയ ശേഷം ഗാന്ധിഭവൻ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായി. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ വിലാസിനി, വാർഡ് മെമ്പർ ഷീല, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ്, ആശാവർക്കർമാർ, അംഗനവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എന്നിവർ ചേർന്ന് കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ഷെരീഫിന്റെ സാന്നിധ്യത്തിൽ പത്തനാപുരത്ത് ഉള്ള ഗാന്ധി ഭവനിലേക്ക് എത്തിക്കുകയും തുടർന്ന് രജനിയുടെ ചികിത്സയ്ക്കായി വാളകത്തുള്ള ഗാന്ധിഭവൻ മേഴ്സി ഹോമിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സർക്കിളിന്റെ ഉത്തരവാദിത്വപരമായ പ്രവർത്തനമാണ് വളരെ വേഗം അവർക്ക് സംരക്ഷണം ഒരുക്കാൻ ആയത് എന്ന് നാട്ടുകാർ പറയുന്നു.