നെടുമങ്ങാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി. സജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ നെടുമങ്ങാട് പഴകുറ്റി ഭാഗത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിവന്ന വൻ വ്യാജചാരായ വാറ്റ് കേന്ദ്രം കണ്ടു പിടിച്ചു. ചാരായ വാറ്റ് നടത്തിയ വിതുര കളിയിക്കൽ സ്വദേശിയായ ശിവജിയെ ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തു. പ്രതിയുടെ ഭാര്യയായ സതി കുമാരിയെ രണ്ടാം പ്രതിസ്ഥാനത്ത് ചേർത്തും കേസെടുത്തു.
55 ലിറ്റർ ചാരായം, 1050 ലിറ്റർ ചാരായം വാറ്റുന്നതിന് പാകമാക്കിയ കോട, ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടർ, പ്ലാസ്റ്റിക് ബാരലുകൾ, സമോവറുകൾ, ബക്കറ്റുകൾ, അലുമിനിയം കലങ്ങൾ, കുടങ്ങൾ എന്നിവ, തൊണ്ടിയായി പിടിച്ചെടുത്തു, കണ്ടെടുത്ത കോട വാറ്റിയാൽ ഉദ്ദേശം 350 ലിറ്ററോളം ചാരായം വാറ്റിയെടുക്കാവുന്നതാണ്.
നിരവധി അബ്കാരി കേസുകളിലും, ക്രിമിനൽ കേസുകളിലും പ്രതിയാണ് അറസ്റ്റ് ചെയ്യപ്പെട്ട ശിവജി. പ്രിവന്റീവ് ഓഫീസർ ജി. സുരേഷ്, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ സജീദ്, അഭിലാഷ്, ശ്രീകുമാർ, വനിത സിവിൽ ഉദ്യോഗസ്ഥയായ രജിത എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.