പാലോട് ഫോറസ്റ്റ് റേഞ്ചിൽ കരിമ്പിൻകാല ആദിവാസി ഊരിൽ കൈവശ റിസർവ് വനഭൂമിയിലെ നദിക്കരയിൽ രഹസ്യമായി സ്ഥലമൊരുക്കി മാലിന്യം തള്ളിയ കേസിൽ നാലു പേരെ പാലോട് വനപാലകർ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പരശുവയ്ക്കൽ മേലേക്കോണം പുത്തൻവീട്ടിൽ സജി(38), കാട്ടാക്കട വീരണക്കാവ് പ്രദീപ് ഭവനിൽ പ്രദീപ്(42), പാറശാല തേവർതലയ്ക്കൽ നടുത്തോട്ടം സച്ചിൻ ഭവനിൽ ടി. രാജീവ് (47), പാറശാല കൊടിവിള കമ്മാളം മുറിയൻകര ആർ.കെ. നിവാസിൽ നൗഫൽ(26) എന്നിവരാണ് അറസ്റ്റിലായത്. ഇനിയും പ്രതികളെ കൂടി കിട്ടാനുണ്ട്. സ്ഥലം നിരത്താനുപയോഗിച്ച മണ്ണുമാന്തിയും മാലിന്യവുമായി വന്ന രണ്ടു പിക്കപ് വാനുകളും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റുകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങളാണ് തള്ളിയത്.
അടച്ചുമൂടിയ വാഹനത്തിൽ നന്ദിയോട് പച്ച കാരിയൻകുന്ന് വഴിയാണ് ഏതാനും ലോഡ് മാലിന്യം കൊണ്ടു വന്നു തള്ളിയത്. സംഭവം അറിഞ്ഞ നാട്ടുകാരാണ് വാഹനങ്ങൾ തടഞ്ഞിട്ടു വനം വകുപ്പിനെ അറിയിച്ചത്. ഒരു ആദിവാസി വിട്ടുകൊടുത്ത ഭൂമിയിൽ കഴിഞ്ഞ രാത്രിയിലാണ് വനത്തിലൂടെ വഴിയുണ്ടാക്കി മണ്ണുമാന്തി എത്തിച്ചു സ്ഥലം ഒരുക്കിയത്. വനസസ്യങ്ങൾ നശിപ്പിച്ചതിനും കേസുണ്ട്. താൻ കൃഷിക്ക് ഭൂമി വിട്ടു നൽകിയെന്നാണ് ആദിവാസി വനം വകുപ്പിനോട് പറഞ്ഞത്. ഇത്രയും വിപുലമായി സ്ഥലമൊരുക്കാൻ ആരുടെയെങ്കിലും മൗനാനുവാദം ഉണ്ടായിരുന്നോ എന്നാണ് നാട്ടുകാരുടെ സംശയം.