കിളിമാനൂർ: മാതാവിന്റെ ഒത്താശയോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ച വ്യാജ പൂജാരി അറസ്റ്റിൽ. കൊല്ലം, ആലപ്പാട് വില്ലേജിൽ ചെറിയഴിക്കൽ കക്കാത്തുരത്ത് ഷാൻ നിവാസിൽ ഷാനാണ് (37) പിടിയിലായത്.2018ലായിരുന്നു സംഭവം. കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ പ്രമുഖ ക്ഷേത്രത്തിൽ വ്യാജപേരിൽ പൂജാരിയായി എത്തിയ ഇയാൾ പരിസരവാസിയായ യുവതിയുമായി പരിചയത്തിലായി. തുടർന്ന് അവിഹിത ബന്ധത്തിലേർപ്പെടുകയും ചെയ്തു. ഭർത്താവ് വീട്ടിലില്ലാത്ത നേരത്ത് വീട്ടിലെത്തിയ ഇയാൾ യുവതിയുടെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മ മകളെ ഭീഷണിപ്പെടുത്തിയിരുന്നത്രേ. പിന്നീട് അമ്മയോട് വഴക്കിട്ട പെൺകുട്ടി വിവരങ്ങൾ പിതാവിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.അന്വേഷണത്തിനിടെ കോതമംഗലം വടാട്ടുപാറയിൽ വച്ച് ഷാനെ കസ്റ്റഡിയിലെടുത്തു. അവിടെ ശ്യാം എന്ന വ്യാജപ്പേരിൽ പൂജാരിയായി പല ക്ഷേത്രങ്ങളിലും പൂജ നടത്തുകയായിരുന്നു. കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ പ്രസിദ്ധമായ ഇല്ലത്തിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ജോലി ചെയ്യുന്നയിടങ്ങളിൽ സ്ത്രീകളുമായി സൗഹൃദത്തിലാകുകയും ലൈംഗികാതിക്രമങ്ങൾക്ക് ശേഷം മുങ്ങുന്നതുമായിരുന്നു പതിവ്. സിം കാർഡുകൾ മാറി ഉപയോഗിക്കും. നിരവധി സിം കാർഡുകളും വ്യാജ രേഖകളും പിടിച്ചെടുത്തു. കിളിമാനൂർ സ്റ്റേഷൻ ഓഫീസർ മനോജ് കുമാറിന്റെ നിർദേശപ്രകാരം, എസ്.ഐ ബിജുകുമാർ, എസ്.സി.പി.ഒ മനോജ്, സി.പി.ഒ സഞ്ജീവ്, വിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
