വെഞ്ഞാറമൂട്:വെഞ്ഞാറമൂട് വയ്യേറ്റ് രാജേഷ് ഭവനിൽ മുരുകേശൻ ആദ്യമായി ഒരു പൊതുതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനൊരുങ്ങുകയാണ്. ഒരുപാടു തവണ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ കൊതിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ല. എല്ലാം ശരിയായി വന്നത് ഇപ്പോഴാണ് മുരുകേശന്. അതും 74-ാം വയസ്സിൽ.
പ്രായപൂർത്തിയായപ്പോൾത്തന്നെ മുരുകേശൻ ജോലിതേടി വിദേശത്തു പോയി. ഓരോ തവണ നാട്ടിലെത്തുമ്പോഴും വോട്ടുചെയ്യാനായിട്ടില്ല. ഒന്നുകിൽ തിരഞ്ഞെടുപ്പുകാലം കഴിഞ്ഞിരിക്കും. അല്ലെങ്കിൽ വോട്ടർപ്പട്ടികയിൽ പേരു കാണില്ല. ഒരിക്കൽ ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു നാൾ മുമ്പ് വിദേശത്തേക്കു മടങ്ങിപ്പോകേണ്ടിവന്നു. മറ്റൊരിക്കൽ തിരഞ്ഞെടുപ്പു കഴിഞ്ഞ് അടുത്ത ദിവസം മാത്രമേ നാട്ടിലെത്താൻ കഴിഞ്ഞുള്ളൂ.
ഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനും വോട്ടുചെയ്യാൻ സാധിക്കുമായിരുന്നില്ല. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതോടെ ജൂലായ് 19-ന് നാട്ടിലെത്തി. ആ സമയത്താണ് വോട്ടർപ്പട്ടികയിൽ പേരു ചേർക്കാൻ ഇലക്‌ഷൻ കമ്മിഷൻ അറിയിപ്പു കൊടുത്തത്. ദുബായിലെ ഒരു കമ്പനിയിലെ ഫോർമാനായാണ് ഇത്രയും നാൾ ജോലിനോക്കിയിരുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ നെല്ലനാട് പഞ്ചായത്ത് മാണിക്യമംഗലം ഒന്നാം ബൂത്തിലെ 159-ാം ക്രമനമ്പരിലെ വോട്ടറാണ് മുരുകേശൻ. പഠിച്ച വെഞ്ഞാറമൂട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾതന്നെയാണ് ബൂത്ത്.