നഗരൂർ : നഗരൂരിൽ കന്നിയങ്കത്തിനൊരുങ്ങി അമ്മയും മകളും. നഗരൂർ ഗ്രാമപ്പഞ്ചായത്തിലെ 15-ാം വാർഡായ ഈഞ്ചമൂലയിലെ കോൺഗ്രസ് സ്ഥാനാർഥി ഉഷയും മകൾ 16-ാം വാർഡായ വെള്ളല്ലൂരിലെ കോൺഗ്രസ് സ്ഥാനാർഥി അർച്ചന സഞ്ജുവുമാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്.കുടുംബശ്രീയിലെ പ്രവർത്തനമാണ് ഇരുവരെയും തിരഞ്ഞെടുപ്പുഗോദയിലെത്തിച്ചത്. ഇരു വാർഡുകളിലെയും പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലക്കാർ രണ്ടുപേരെയും സ്ഥാനാർത്ഥികളാക്കാൻ തീരുമാനമെടുത്തു. ഇതിനു ശേഷമാണ് രണ്ടുപേരും മത്സരിക്കുന്ന വിവരം പരസ്പരമറിഞ്ഞത്. വട്ടവീട്ടിൽ സഞ്ജുവിന്റെ ഭാര്യയായാണ് അർച്ചന വെള്ളല്ലൂർ വാർഡിലെ താമസക്കാരിയായത്. അംഗമായ അയൽക്കൂട്ടത്തിന്റെ സെക്രട്ടറിയും തയ്യൽത്തൊഴിലാളിയുമാണ് അർച്ചന.അമ്മ ഉഷ വാർഡുതല എ.ഡി.എസ്. പ്രസിഡൻറ്, തൊഴിലുറപ്പുപദ്ധതിയുടെ കൺവീനർ എന്നീ നിലകളിൽ പൊതുപ്രവർത്തനരംഗത്ത് പരിചിതയാണ്.