കിളിമാനൂർ: സ്കൂട്ടിയിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് മാല പൊട്ടിക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. പെരിങ്ങമ്മല ജവഹർ കോളനിയിൽ അൻസിൽ (20) ആണ് അറസ്റ്റിലായത്. കിളിമാനൂർ താളിക്കുഴിയിൽ വച്ചായിരുന്നു സംഭവം. പെൺകുട്ടിയെ പിന്തുടർന്ന സംഘം മാല വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചു. പെൺകുട്ടി നിലവിളിച്ചതോടെ പരിസരവാസികളെത്തി. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് പാങ്ങോട് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കിളിമാനൂർ പൊലീസ് അറസ്റ്റുചെയ്തത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നതായും പ്രതികൾക്കെതിരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും ഇത്തരത്തിൽ കേസുകൾ ഉള്ളതായും സി.ഐ കെ.ബി. മനോജ് കുമാർ അറിയിച്ചു
