വിതുര :ഓട്ടോയിൽ യാത്രചെയ്യുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറെ വിതുര പൊലീസ് അറസ്റ്റുചെയ്തു. വിതുര കലുങ്ക് ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ തള്ളച്ചിറ സന്ധ്യാഭവനിൽ സുനിയാണ് (32) അറസ്റ്റിലായത്. വിതുര മൈലക്കോണം സ്വദേശിയായ വീട്ടമ്മയേയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് വിതുര സ്റ്റാൻഡിൽ നിന്നും മാർക്കറ്റ് ജംഗ്ഷനിലെ മൊബൈൽഷോപ്പിലേക്ക് യുവതി ഓട്ടം വിളിച്ചു. എന്നാൽ മൊബൈൽ ഷോപ്പിന് മുന്നിൽ നിറുത്താതെ പട്ടൻകുളിച്ചപാറ മേഖലയിലേക്ക് സുനി യുവതിയെ കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോൾ സുനി വീട്ടമ്മയുടെ കൈയിൽ കയറിപ്പിടിച്ചു. യുവതി നിലവിളിച്ചുകൊണ്ട് ഒാട്ടോയിൽ നിന്നും ഒാടി രക്ഷപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. ഇതിനുപിന്നാലെ ഓട്ടോയുമായി മുങ്ങിയ സുനിയെ ഇന്നലെ രാവിലെ വിതുര സ്റ്റാൻഡിലെത്തിയപ്പോൾ സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എസ്. സുധീഷ് എന്നിവർ ഉൾപ്പെട്ട സംഘം അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
