മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകട മരണത്തിൽ കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. പ്രദീപിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം മകന് ഭീക്ഷണിയുണ്ടായിരുന്നതായി പ്രദീപിന്റെ അമ്മ ആരോപിച്ചു. അതേസമയം അപകടം സംബന്ധിച്ച ദുരൂഹത വർധിക്കുകയാണ്. തിരുവനന്തപുരം പാപ്പനംകോട് കാരയ്ക്കാമണ്ഡപത്തിനടുത്താണ് അപകടം നടന്നത്. സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ചത് മിനിലോറിയാണെന്ന് കണ്ടെത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നുമാണ് ഇടിച്ചത് ലോറിയാണെന്ന് കണ്ടെത്തിയത്. എന്നാല്‍ അപകടമുണ്ടായ സ്ഥലത്ത് സി സി ടി വി ഉണ്ടായിരുന്നില്ല. ഒരേ ദിശയില്‍ വന്ന വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയതും, അപകടത്തില്‍ പെട്ട സ്‌കൂട്ടറിന്റെ പിന്‍വശത്തെ ഹാന്‍ഡ് റസ്റ്റ് മാത്രം തകര്‍ന്ന നിലയില്‍ കണ്ടതുമാണ് അപകടത്തില്‍ ദുരൂഹത വര്‍ധിക്കുവാന്‍ കാരണമായത്. ഇന്നലെ വൈകിട്ട് 3.30നാണ് പിന്നാലെവന്ന വാഹനം പ്രദീപിന്റെ സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു കടന്നുകളഞ്ഞത്. സ്വരാജ് മസ്ദ വാഹനമാണ് ഇടിച്ചതെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. നിരവധി ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു എസ് വി പ്രദീപ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.