പാലോട് : വേനൽ കടുത്തതോടെ വനാതിർത്തികളിൽ നിന്നും ഇഴജന്തുക്കൾ ജനവാസ കേന്ദ്രങ്ങളിലെത്തി തുടങ്ങി. ഇത് പ്രദേശവാസികളെ പരിഭ്രാന്തരാക്കുന്നു. പാലോട്, കുളത്തുപ്പുഴ ഫോറസ്റ്റ് ഡിവിഷനുകളിലാണ് ഇഴജന്തുക്കളുടെ ശല്യം കൂടുതലാകുന്നത്. കൃഷിസ്ഥലങ്ങൾ, വീട്ടുപരിസരങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാത്രം കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഒരു ഡസനോളം രാജവെമ്പാല അടക്കം പാമ്പുകളെയാണ് പ്രദേശത്തു നിന്ന് പിടികൂടിയത്.
വീടുകൾ, പുറത്തുള്ള കുളിമുറികൾ, കിണറിനോട് ചേർന്നുള്ള ഈർപ്പമുള്ള സ്ഥലങ്ങൾ, കോഴിക്കൂടുകൾ എന്നിവയ്ക്ക് സമീപമാണ് പാമ്പുകളെ കൂടുതലായും കണ്ടെത്തുന്നത്. തലനാരിഴയ്ക്കാണ് പലരും പാമ്പുകളുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നത്. നാട്ടിലേയ്ക്ക് ഇറങ്ങുന്ന പാമ്പുകളിൽ ഭൂരിഭാഗവും വനത്തിനുള്ളിൽ നിന്നുള്ളവയല്ലെന്നും ജനവാസ കേന്ദ്രങ്ങളിൽ നിന്നും വനപാലകരും പാമ്പുപിടുത്തക്കാരും പിടികൂടുന്നവയെ ഇവിടെക്കൊണ്ട് വിടുകയാണെ ന്നും നാട്ടുകാർ പറയുന്നു. ഈ ആരോപണങ്ങളെ വനപാലർ എതിർക്കുകയാണ്. പിടികൂടുന്ന പാമ്പുകളെ ഉൾവനത്തിൽ കൊണ്ടുവിടുകയാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
പ്രതിരോധ മാർഗം
. വീട്ടുപരിസരങ്ങളിൽ എലികളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തണം.
. വീട്ടുമുറ്റങ്ങളും കുളിമുറികളിലും മറ്റും വച്ചിരിക്കുന്ന പാത്രങ്ങളുൾപ്പെടെയുള്ള സാധനങ്ങൾ പരിശോധിച്ചശേഷമേ ഉപയോഗിക്കാവൂ.
. ഇഴജന്തുക്കൾ വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മണ്ണെണ്ണ വെള്ളത്തിൽ കലർത്തി കുടയണം
. രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങുമ്പോൾ കരുതൽ വേണം