2020-21 വർഷത്തെ ഇൻസ്പയർ അവാർഡിനായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ആർ. കാർത്തികിന്റെ ആശയം തെരഞ്ഞെടുത്തു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനാണ് ഇൻസ്പയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കാർത്തിക് സ്വന്തമായി വികസിപ്പിച്ചെടുത്ത കാർഷികാവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഗ്രാസ് കട്ടർ എന്ന ആശയത്തിനാണ് അവാർഡ്. പുതിയ ആശയങ്ങൾ ഉൾക്കൊള്ളിച്ച് പ്രോജക്ട് കൂടുതൽ മെച്ചപ്പെടുത്താനായി 10,000 രൂപയുടേതാണ് അവാർഡ്. അവനവഞ്ചേരി ടോൾ ജംഗ്ഷൻ സിന്ദൂരത്തിൽ രാജേഷ് – ജയ ദമ്പതികളുടെ മകനാണ് എട്ടാം ക്ലാസുകാരനായ ഈ മിടുക്കൻ. സ്കൂൾ പി.റ്റി.എ.യും സ്റ്റാഫ് കൗൺസിലും കാർത്തികിനെ അഭിനന്ദനം അറിയിച്ചു.