കണിയാപുരം ചാന്നാങ്കര പള്ളിനടയ്ക്ക് സമീപം സുരേഷിന്റെ സ്വർണക്കടയിൽ നാടൻ ബോംബെറിഞ്ഞ് അഞ്ചുപവൻ കവർച്ച ചെയ്‌ത 12 അംഗ സംഘത്തിലെ രണ്ടുപേരെ കഠിനംകുളം പൊലീസ് പിടികൂടി. കോവളം സ്വദേശി ഗിരീഷ് മോഹൻ, വാഴമുട്ടം സ്വദേശി ആനന്ദ് എന്നിവരാണ് പിടിയിലായത്. മറ്റുള്ളവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. കവർച്ചയ്‌ക്കായി ഉപയോഗിച്ച കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം സ്വദേശിയുടെ ആസൂത്രണത്തിലാണ് കവർച്ച നടത്തിയതെന്ന് സ്റ്റേഷൻ എസ്.എച്ച്.ഒ എച്ച്.എൽ. സജീഷ് പറഞ്ഞു. പേയാട് നിന്നും വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലും ബൈക്കിലുമാണ് ഇവർ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10ഓടെ ചാന്നാങ്കരയിലെത്തിയത്. സ്വർണക്കടയിലെ ചില്ലിട്ട അലമാര വാളുകൊണ്ട് വെട്ടിപ്പൊളിച്ച ശബ്ദംകേട്ട് സുരേഷിന്റെ ഭാര്യ ഓടിയെത്തിയപ്പോൾ അക്രമികൾ കൈയിൽ കരുതിയിരുന്ന നാടൻ ബോംബെറിയുകയായിരുന്നു. ഇതിനുശേഷമാണ് കവർച്ച നടത്തിയത്. കഠിനംകുളം സി.ഐ എച്ച്.എൽ. സജീഷ്, എസ്.ഐ രതീഷ്. ആർ, ഗ്രേഡ് എസ്.ഐമാരായ കൃഷ്‌ണപ്രസാദ്, ഫിറോസ്, എ.എസ്.ഐമാരായ ദിലീപ്, ബിജു, അനൂപ്, പൊലീസുകാരായ ബിജു സജിൻ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്‌തു.