ഒറ്റൂർ : മകന്റെ കുത്തേറ്റ മാതാവ് ഇനി ‘ പുനർജനി ‘ പുനരധിവാസ കേന്ദ്രത്തിന്റെ തണലിൽ. ഒറ്റൂർ തോക്കാല സജി നിവാസിൽ പുഷ്‌പവല്ലിക്കാണ് ( 69 ) പുനർജനി തുണയായത്. പുഷ്‌പവല്ലി കിണറിൽ നിന്നും വെള്ളം കോരുന്നതിനിടെ മകൻ ഷാജി (38) പിന്നിലൂടെ വന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു. ഒളിവിൽ പോയ ഷാജിയെ കല്ലമ്പലം പൊലീസ് കഴിഞ്ഞദിവസം തന്നെ പിടികൂടിയിരുന്നു. ആരും ആശ്രയമില്ലാത്ത ഇവരെ ചികിത്സിക്കാനും സംരക്ഷിക്കാനും വഴി ആലോചിക്കുമ്പോഴാണ് പുനർജനി ചെയർമാൻ ഡോ. ട്രോസി ജയൻ സഹായവുമായി മുന്നോട്ടുവന്നത്. ട്രോസിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്തംഗം വി. സത്യബാബുവിന്റെ സാന്നിദ്ധ്യത്തിൽ ജീവനക്കാർ സ്ഥലത്തെത്തി പുഷ്‌പവല്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഭേദമാകുമ്പോൾ ഇവരെ പുനർജനി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും
