പുല്ലമ്പാറ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയ്ക്കായി എത്തുന്നവരുടെ രോഗവും ചികിത്സയും ആരോഗ്യവും സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രീകൃത കംപ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഇ- ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ ഷീലാകുമാരി അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അശ്വതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അസീന ബീവി, സുഹ്റ സലിം, പഞ്ചായത്ത് അംഗങ്ങളായ ബി ശ്രീകണ്ഠൻ, പുല്ലമ്പാറ ദിലീപ്, നസീർ അബു ബേക്കർ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡോ. നിജു എം എല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓരോ വ്യക്തിക്കും വ്യക്തിഗത ഐഡന്റിറ്റി നമ്പര്‍ ലഭിക്കുന്നതോടെ ആശുപത്രികളിലെ നീണ്ട ക്യൂവിന് വിരാമമിടാനും ഇഷ്ടമുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കാനും പദ്ധതിയിലൂടെ കഴിയും.