ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ പാലത്തിന്റെ നടപ്പാത തകർന്നടിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഒരുപാട് ആയി. ഈ വിഷയം ചൂണ്ടിക്കാട്ടി ഒരുപാട് വാർത്തകളും ചെയ്തു. എന്നിട്ടെന്താ കാര്യം?
പാലത്തിന്റെ നടപ്പാതയിൽ തകർന്ന സ്ലാബുകൾ കൂടുതൽ അപകടക്കെണിയായി മാറുകയാണ്. എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴാമെന്ന അവസ്ഥയിലാണ്. കാൽ നടയാത്രക്കാർ ആകെ ദുരിതത്തിലായി. ഈ സ്ലാബുകൾ പൊളിഞ്ഞു വീണാൽ അത് വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കും. കേരളത്തിലെ തന്നെ പ്രധാന നഗരങ്ങളിൽ ഒന്നായ ആറ്റിങ്ങൽ നഗരത്തിൻറെ ദേശീയപാതയിലുള്ള പൂവമ്പാറ പാലത്തിൻറെ നടപ്പാതയാണ് ജനങ്ങളിൽ അപകടഭീതി പടർത്തുന്നത്. എപ്പോഴും ഗതാഗതത്തിരക്കുള്ള ഈ പ്രദേശത്ത് കാൽനടയാത്രക്കാർ റോഡിലൂടെയാണ് ഇപ്പോൾ നടന്നുനീങ്ങുന്നത്.
നാട്ടുകാർ പരാതിപ്പെട്ടു മടുത്തു, എന്ത് സംഭവിച്ചാലും അനങ്ങില്ലെന്ന മട്ടിലാണ് ഉദ്യോഗസ്ഥർ. ബന്ധപ്പെട്ട അധികാരികൾക്ക് സമയം ഉണ്ടെങ്കിൽ ഇത് ഒന്ന് നന്നാക്ക്, ഇല്ലെങ്കിൽ ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോൾ വന്ന് ദുരന്തന്തിന്റെ കണക്കെടുക്ക് എന്നാണ് നാട്ടുകാർ പറയുന്നത്. ഈ തകർന്ന നടപ്പാത നിസാരമായി തോന്നുന്നെങ്കിൽ തിരുത്താൻ സമയമായെന്നും ഇവിടെ ഒളിഞ്ഞിരിക്കുന്നത് വൻ അപകടക്കെണിയാണെന്നും നാട്ടുകാർ ഓർമിപ്പിക്കുന്നു.