കടയ്ക്കാവൂർ : റെയിൽവേ ട്രാക്കിന്റെ പണിയുടെ ഭാഗമായി കടയ്ക്കാവൂർ റയിൽവേ സ്‌റ്റേഷന് സമീപത്ത് കൊച്ചു പാലത്തിന് സമീപം സൂക്ഷിച്ചിരുന്ന ഇരുമ്പ് പ്ലേറ്റ്, ബോൾട്ട്, ക്ലാമ്പുകൾ തുടങ്ങിയ സാധനങ്ങൾ മോഷ്ടിച്ച് പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച രണ്ട് പേർ കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളായ കൃഷ്ണമൂർത്തി , പളനി എന്നിവരാണ് അറസ്റ്റിലായത്. ഇലക്ഷൻ സംബന്ധമായ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. പോലീസിന്റെ വാഹന പരിശോധന കണ്ട് വഴി തിരിച്ചുവിടാൻ തുടങ്ങിയ വാഹനം പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ചിറയിൻകീഴ് പണ്ടകശാലയിലുള്ള കടയിലേക്കാണ് ഇവ കടത്തിക്കൊണ്ടു പോകുന്നത് എന്ന് വെളിവായതിനെ തുടർന്ന് അവിടെയും പോലീസ് പരിശോധന നടത്തി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കടയ്ക്കാവൂർ ഇൻസ്പെക്ടർ അറിയിച്ചു. ഇൻസ്പെക്ടർ എസ്. ഷെരീഫിന്റെ നേതൃത്യത്തിൽ എസ്‌ഐഹബീബ് റാവുത്തർ, എഎസ്ഐ വിജയകുമാർ, എസ്‌സിപിഒ ഡീൻ, സന്തോഷ്, ബിനോജ്, ഡ്രൈവർ രാജേന്ദ്രപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയതത്.