നെടുമങ്ങാട്: കുപ്രസിദ്ധ മോഷ്ടാവും കഞ്ചാവ് കേസിൽ പ്രതിയുമായ അരുവിക്കര താജു നിവാസിൽ സാബുവിന്റെ ഫാം ഹൗസിന് സമീപത്തെ ചായ്പ്പിൽ സൂക്ഷിച്ചിരുന്ന 5.5 കിലോഗ്രാം കഞ്ചാവും മാൻ കൊമ്പും കണ്ടെത്തി. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അനിൽകുമാറിന് ലഭിച്ച രഹസ്യവിരത്തെ തുടർന്ന് മാറനല്ലൂർ പൊലീസും ഷാഡോ പൊലീസും ചേർന്ന് നടത്തിയ തിരച്ചലിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഫാം സൂക്ഷിപ്പുകാരൻ ബാലരാമപുരം കല്ലമ്പലം കൊങ്ങപ്പള്ളിക്ക് സമീപം താമസിക്കുന്ന ബി. നിശാന്തിനെ(21) സംഭവ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫാം ഹൗസിനോട് ചേർന്ന ചായ്പ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ്.
പ്ലാസ്റ്റിക് സഞ്ചികളിൽ കഞ്ചാവ് നിറച്ച് ചാക്കിലാക്കിയിരുന്നു. അവിടെ നിന്നാണ് മാൻ കൊമ്പും കിട്ടിയത്. കഞ്ചാവ് ചെടി വളർത്തിയതിനും കഞ്ചാവ് കേസിലും നിശാന്ത് നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നെടുമങ്ങാട് ഡി.വൈ.എസ്.പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിൽ മാറനല്ലൂർ ഇൻസ്പെക്ടർ വി. ജഗദീഷ്, എസ്.ഐ നൗഷാദ്, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒമാരായ സജു, നെവിൻരാജ്, സതികുമാർ, അനിൽകുമാർ, സുരേഷ്,വേണു എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത നിശാന്തിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.