ഡോ. എ. പി. ജെ അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ക്യാമ്പസിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് മുന്‍പെങ്ങുമില്ലാത്ത പുരോഗതിയാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് എ.പി.ജെ അബ്ദുല്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഏറെ മുതല്‍ക്കൂട്ടാകും. കോളേജുകളുടെ അടിസ്ഥാന സൗകര്യവികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും ഒട്ടേറെ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
1,000 കോടി ചെലവില്‍ വിളപ്പില്‍ശാലയിലെ 100 ഏക്കറോളം വരുന്ന ഭൂമിയിലാണ് സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനമന്ദിരം നിര്‍മിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമെന്ന സ്വപ്നം ഇതോടെ യാഥാര്‍ഥ്യമാകും.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ടി ജലീല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ. ബി സതീഷ് എം.എല്‍.എ മുഖ്യ അതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വിളപ്പില്‍ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എസ് അയ്യൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.