കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം മുതൽ കടമ്പാട്ടുകോണം വരെ റോഡിൽ കുഴിയായതോടെ അപകടങ്ങൾ പതിവാകുന്നു. പകലും രാത്രിയിലും ബൈക്ക് യാത്രികർ കുഴികളിൽ വീണ് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം പകൽ സമയത്ത് പറകുന്ന് സ്വദേശി രാധാകൃഷ്ണൻ ( 46) കുഴിയിൽ വീണ് പരിക്കേറ്റു. മൂന്ന് ദിവസം മുൻപ് രാത്രിയിൽ തട്ടു പാലത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രികരായ ദമ്പതിമാർക്ക് പരിക്കേറ്റു. റോഡിൽ വീണ ഇവരെ ബസ് കാത്തുനിന്നവരാണ് രക്ഷിച്ചത്. റോഡിൽ കുഴികളുടെ എണ്ണം വർധിച്ചതോടെ അപകടങ്ങളുടെ എണ്ണവും തീരെ കുറവല്ല. വാഹനങ്ങളുടെ അമിതവേഗവും ക്രോസ് ചെയ്യുമ്പോഴുണ്ടാകുന്ന അശ്രദ്ധയും കൊണ്ട് നിരവധി ജീവനുകളാണ് ഈ ഭാഗങ്ങളിൽ പൊലിഞ്ഞിട്ടുള്ളത്.