ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ മൂന്നാം തവണയാണ് വി ശശി ജനവിധി തേടുന്നത്. 2011-ലും 2016-ലും ചിറയിൻകീഴിനെ പ്രതിനിധാനം ചെയ്ത് നിയമസഭയിലെത്തി. കഴിഞ്ഞ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും കര്‍ഷകത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. സെന്റ് ജോസഫ് എച്ച് എസ്, ഫോര്‍ട്ട് ഹൈസ്കൂള്‍, ആര്‍ട്സ് കോളജ്, തിരുവനന്തപുരം എഞ്ചിയിനിയറിംഗ് കോളജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
എഞ്ചിനിയറിംഗ് ബിരുദധാരിയായ അദ്ദേഹം 1984-ല്‍ ഡെപ്യൂട്ടി ഡയറക്ടറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ഹാന്റ്‌ലൂം, ഹാന്റെക്സ്, ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, കിന്‍ഫ്ര എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987-1991 കാലഘട്ടത്തില്‍ നായനാർ സർക്കാർ മന്ത്രിസഭയിലെ പട്ടികവിഭാഗ വികസന വകുപ്പ് മന്ത്രി പി കെ രാഘവന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നീട് കയര്‍ വികസന വകുപ്പ്, ഹാന്റ്‌ലൂം ആന്റ് ടെക്സ്റ്റൈല്‍സ് എന്നിവയുടെ ഡയറക്ടറായി. കണ്ണൂര്‍ സ്പിന്നിംഗ് മില്‍, മലപ്പുറം സ്പിന്നിംഗ് മില്‍, കുറ്റിപ്പുറം, തൃശൂര്‍, കൊല്ലം കൈത്തറി സഹകരണ സംഘങ്ങളുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം 2006-ല്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നിട്ടുണ്ട്. മെഡിക്കല്‍കോളജ് പാലൂര്‍ ലെയ്നില്‍ പൊയ്കവീട്ടില്‍ ആണ് താമസം. സുമയാണ് ഭാര്യ. രേഷ്മ, രാകേഷ് എന്നിവര്‍ മക്കളാണ്. മരുമക്കൾ: വിഷ്ണു, ഗൗതമി. ചെറുമക്കൾ: ഇഷ, ധ്യാൻ.