ആലംകോട്: ദേശീയ പാതയിൽ ആലംകോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12:45നാണു സംഭവം. ആലംകോടിനും പുളിമൂട് ജംഗ്ഷനും ഇടയിലാണ് അപകടം നടന്നത്. അപകടത്തിൽ പെരുംകുളം സ്വദേശികളായ തൗഫീഖ്, അജ്മൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ബൈക്കിൽ പള്ളിയിലേക്ക് വെള്ളിയാഴ്ച നമസ്കാരത്തിന് പോകുകയായിരുന്നു. അപകടത്തിൽ ബൈക്കും കാറിന്റെ മുൻവശവും തകർന്നു. ഒരു സ്ത്രീയും കുട്ടിയുമാണ് കാറിൽ ഉണ്ടായിരുന്നത്. അപകട സ്ഥലത്ത് കൃത്യമായി രക്ഷപ്രവർത്തനം നടത്തിയത് യാദൃശ്ചികമായി അത് വഴി വന്ന വർക്കല ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫിസർ റജിമോൻ എ, ഷാലു എ.എസ് എന്നിവരാണ്.
ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ സിലിണ്ടർ നിറയ്ക്കാൻ വന്നു മടങ്ങുമ്പോഴാണ് റജിമോനും ശാലുവും അപകടം കാണുന്നത്. ഉടൻ തന്നെ പരിക്ക് പറ്റിയ യുവാക്കളെ വാഹനത്തിൽ കയറ്റി അപായ സൈറൻ ഇട്ട് വളരെ വേഗം ചാത്തൻപാറയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.