വർക്കല ബാർ അസോസിയേഷനിലെ ചില അംഗങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളെ കൂട്ടി ഇലക്ഷൻ നടത്തുന്നെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചിത്രങ്ങൾ പകർത്താനെത്തിയ മാധ്യമ പ്രവർത്തകരെ അഭിഭാഷകർ കൂട്ടമായി ചേർന്ന് അസഭ്യം പറയുകയും കയ്യേറ്റം ചെയ്ത് മൊബൈൽ ഫോൺ പിടിച്ചു വാങ്ങാനും ശ്രമിച്ചു. ബാർ അസോസിയേഷൻ കോമ്പൗണ്ടിൽ കയറി എന്ന് ആരോപിച്ചാണ് ആദ്യം അഭിഭാഷകർ അസഭ്യം പറഞ്ഞത്. എന്നാൽ താലൂക്ക് ഓഫിസ് കോമ്പൗണ്ടിലും പൊതുമരാമത്ത് റോഡിലും നിന്നാണ് ആദ്യം മാധ്യമ പ്രവർത്തകർ വിഡിയോ എടുത്തത്. ഇത് കണ്ട് രോഷാകുലരായ അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഈ സമയം വർക്കല പോലീസിനെ വിവരം അറിയിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. വർക്കല ഡിവൈഎസ്പിയെ വിളിച്ചു അര മണിക്കൂർ കഴിഞ്ഞ് ജനമൈത്രി പോലീസിനെയും അറിയിച്ച ശേഷമാണു സ്ഥലം എസ്ഐ സ്ഥലത്തെത്തിയത്. എന്നാൽ അപ്പോഴും എസ്ഐ അഭിഭാഷകർക്ക് വേണ്ടി മാധ്യമ പ്രവർത്തകരോട് തട്ടിക്കയറുകയായിരുന്നു. എന്തിന് ഫോട്ടോ എടുത്തു എന്ന നിലയിലായിരുന്നു ചോദ്യം. രാജ്യം കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽകുമ്പോൾ കല്യാണത്തിനും മരണത്തിനും വരെ ആളെ നിയന്ത്രിച്ചും ആരാധനാലയങ്ങളിൽ നിയന്ത്രണം വെച്ചും മഹാമാരിക്ക് എതിരെ പോരാടുമ്പോൾ പൊതുവിൽ ആളെക്കൂട്ടാൻ വർക്കല പോലീസ് മൗന സമ്മതം നൽകിയെന്ന നിലയിലാണ് ഇന്ന് നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം ആൾക്കൂട്ടങ്ങൾക്ക് നേരെ പോലീസ് കണ്ണടയ്ക്കുക മാത്രമല്ല ചിത്രങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം പോലും ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞില്ല. മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ നോക്കിയവർക്കെതിരെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തവർക്കെതിരെ ഉന്നത അധികാരികൾക്ക് പരാതി നൽകുമെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞു. മാത്രമല്ല ആൾകൂട്ടം കൂടിയതിനു അഭിഭാഷകർക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു.