വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ജി.മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 4000 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. പെരിങ്ങമല ശിവമുക്കിൽ നിന്നും 2 കിലോമീറ്റർ മാറി കുളത്തുപ്പുഴ ഫോറസ്റ്റ് റേഞ്ച് പരിധിയിൽ ആറാം ബ്ലോക്കിൽ മുള്ളൻകുന്ന് പാറ എന്ന സ്ഥലത്ത് നിന്നാണ് 4000 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. കുഴികൾ കുത്തി ഉദ്ദേശം 14 അടിയോളം നീളമുള്ള പ്ലാസ്റ്റിക് കവറുകളിൽ ആണ് കോട സൂക്ഷിച്ചിരുന്നത്.
ലോക്ഡൗണിനെ തുടർന്ന് മദ്യഷോപ്പുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ വൻലാഭം മുന്നിൽ കണ്ടുകൊണ്ടാണ് വൻതോതിൽ ചാരായ വാറ്റു നടന്നിരുന്നത്. ചാരായ വാറ്റ് സൗകര്യമൊരുക്കുന്നതിനായി സമീപത്തുതന്നെ മൂന്നോളം വലിയ കുഴികൾ എടുത്ത് വെള്ളം ശേഖരിച്ചിരുന്നു. കാട്ടാനശല്യം ഉള്ള ഈ പ്രദേശത്ത് രാത്രികാലങ്ങളിലാണ് വൻതോതിൽ വാറ്റ് നടന്നിരുന്നത്. ചാരായവാറ്റ് നടത്തുവാനുള്ള അടുപ്പുകളും വാറ്റുപകരണങ്ങളും സമീപത്തുനിന്ന് കണ്ടെടുത്തു.
എക്സൈസ് ഇൻസ്പക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധയിൽ ആണ് കോട കണ്ടെത്തിയത്. കേസെടുത്ത ശേഷം കോട നശിപ്പിച്ചു. വാറ്റ് കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.
പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ,
പി.ഡി.പ്രസാദ്,എക്സൈസ് ഐ. ബി പ്രിവൻറ്റീവ് ഓഫിസർ ജി സുരേഷ് സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ സജീവ് കുമാർ, സജീകുമാർ, വിഷ്ണു ഡ്രൈവർ സലിം എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു