വെഞ്ഞാറമൂട് : ലോക്ക് ഡൗണിനോടനുബന്ധിച്ച് മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ എക്സൈസ് പരിശോധനകൾ കൂടുതൽ കർശനമാക്കി.വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് വാവുക്കോണം ഭാഗത്ത് നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ വീട്ടിൽ വ്യാപകമായരീതിയിൽ നടത്തിവന്ന ചാരായവാറ്റ് പിടികൂടി.
എക്സൈസ് ഇൻസ്പക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ 25 ലിറ്റർ ചാരായം, 750 ലിറ്റർ കോട, ഇരുപത്തയ്യായിരത്തോളം രൂപയുടെ വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തു. ഗ്യാസ് അടുപ്പുപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിൽ നടത്തിവന്ന ചാരായവാറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്.നിരവധി അബ്കാരി, ക്രിമിനൽ കേസുകളിൽ പ്രതിയായ വെഞ്ഞാറമൂട് ദീപാനഗർ വരുൺ നിവാസിൽ വാസുദേവൻ മകൻ കൈത ബിജു എന്നു വിളിക്കുന്ന ബിജുവിനെ പ്രതിയാക്കി കേസെടുത്തു. വാറ്റു സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ കുറ്റവാളികൾക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. എക്സൈസ് സംഘത്തെക്കണ്ട് വാറ്റുകേന്ദ്രത്തിൽ നിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തുവാനുള്ള തെരച്ചിലും ഊർജിതമാക്കി. പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദ്ദീൻ,
പി.ഡി.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ, സജീവ് കുമാർ, അനീഷ്, ഡ്രൈവർ സലിം എന്നിവർ റെയ്ഡിൽ പങ്കെടുത്തു