“മാർക്സിസം ഒരു വിപ്ലവകരമായ ലോകവീക്ഷണമാണ്. അത് എല്ലായിപ്പോഴും പുതിയ വെളിപ്പെടുത്തലുകൾക്കായി പോരാടേണ്ടതുണ്ട്.” റോസാ ലക്സംബർഗ്ഗ് എന്ന ജർമ്മൻ ചിന്തയും വിപ്ലവകാരിയുമായ സ്ത്രീയുടെ ഈ വാക്കുകൾ പോരാട്ട ജീവിതത്തിൽ അറിഞ്ഞും അറിയാതെയും പിൻതുടർന്ന കമ്യൂണിസ്റ്റുകാരിയായിരുന്നു കെ.ആർ.ഗൗരിയമ്മ. പുതിയ വെളിപ്പെടുത്തലുകൾക്കായി, നിലപാടുകൾക്കായി ഗൗരിയമ്മ എന്നും നിലകൊണ്ടു. കേരളത്തിന്റെ സാമൂഹ്യ പരിഷ്ക്കരണത്തിന് ദിശാബോധം നൽകിയത ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെ ചരിത്ര പുസ്തകമാണ്. എന്നാൽ അതിനപ്പുറം നമ്മുടെ സാമൂഹ്യ ജീവിതം മറ്റൊരർത്ഥത്തിൽ ഗൗരിയമ്മയോട് എന്നും കടപ്പെട്ടിരിക്കുന്നു.ഇതിഹാസ തുല്ല്യമായ ജീവിതത്തിലൂടെ സ്ത്രീ സമൂഹത്തിന്റെ മുന്നിൽ ഗൗരിയമ്മയെന്ന എന്ന സ്ത്രീ തുറന്നിട്ട “വിമോചനത്തിന്റെ വാതിലുകൾ ” നമ്മുടെ സാമൂഹ്യപുരോഗതിയുടെ വഴിയാത്രകളിൽ വേഗത വളർത്തി.അതു വഴി ആധുനിക കേരളീയ സ്ത്രീ സമൂഹം ഇന്ന് ഏറെ ദൂരം സഞ്ചരിക്കുന്നു. അവർ പിന്നിടവഴികളിൽ ഗൗരിയമ്മയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ പാദമുദ്രകളുണ്ട്. മരണത്തിനും ജീവിതത്തിനും മാനഭംഗങ്ങൾക്കും ഇടയിലൂടെ നടന്ന സ്ത്രീത്ത്വത്തിന്റെ അണയാത്ത അഗ്നിയുണ്ട്.
തനിക്ക് കാവലും കരുതലുമായ പ്രസ്ഥാനത്തോട് ഗൗരിയമ്മ കലഹിച്ചു. മറ്റൊരുപക്ഷത്ത് നിലയുറപ്പിച്ചു.ഏറെ താമസിക്കാതെ അവിടെയും വിയോജിപ്പുകൾ. പിന്നീട് മടക്കയാത്ര. ഇവയെല്ലാം ഓർമ്മപ്പെടുത്തുന്നത് പുരുഷാധിപത്യ സമൂഹത്തിൽ സ്വന്തം നിലപാടുകളോടെ ജീവിച്ച ഒരു സ്വതന്ത്രയായ സ്ത്രീ ജീവിതത്തെയാണ്. നിലപാടുകളുടെ ശരിതെറ്റുകൾ ഉണ്ടായേക്കാം.പക്ഷേ കേരളീയസമൂഹം ഓർത്തു വയ്ക്കേണ്ടത് ഒരു സ്ത്രീ ഒറ്റയാൾ പോരാട്ടങ്ങളിലൂടെ തന്റെ ശക്തമായ സാനിദ്ധ്യം ജീവിച്ചിരുന്ന കാലം മുഴുവൻ സാമൂഹ്യ ജീവിതത്തിൽ ഉറപ്പിച്ചു നിർത്തിയതിനെയാണ്.” ലാത്തികൾക്ക് ബീജമുണ്ടായിരുന്നെങ്കിൽ ഞാൻ എത്രയോ ലാത്തി കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു.” എന്ന് സമൂഹത്തോടവർ വിളിച്ചു പറഞ്ഞത് പിൽക്കാല സ്ത്രീ ജീവിതങ്ങളെ നോക്കിയായിരുന്നു. അവഹേളനങ്ങൾക്കു മുന്നിൽ ചൂളിപ്പോകുമ്പോഴല്ല നിവർന്നു നിൽക്കുമ്പോഴാണ് സ്ത്രീത്ത്വം ജ്വലിക്കുന്നതെന്നും പടരുന്നതെന്നും പറയാതെ പറയുകയായിരുന്നു. ആചാരലംഘനങ്ങൾ പാപമായി സ്വയം കരുതി തരം താഴുന്ന ആധുനിക സ്ത്രീ സമൂഹത്തിന് എന്നു ഒരു പാഠപുസ്തകമാണ് ഈ കേരളീയ വനിത.
പുരുഷകേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥ നിലനിൽക്കുന്ന ഒന്നാണ് ഇന്നും ആധുനിക കേരളം.ആചാരങ്ങളുടെയും സ്വയം തീർക്കുന്ന അവഗണനകളിലും ഇന്നും കുരുങ്ങിക്കിടക്കുന്നു വലിയൊരു വിഭാഗം മലയാളി പെൺകുട്ടികൾ.പതിറ്റാണ്ടുകൾക്കു മുൻപ് ഈ അവസ്ഥ എത്രയേറെ അപകടകരമായിരുന്നു എന്ന് നമുക്കറിയാം. വെട്ടിമാറ്റാനാകാത്ത വിധം ജാതി, മത മതിലുകൾ ഉയർത്തിയ കോട്ടകൾക്കുള്ളി കുടുങ്ങിക്കിടന്ന സ്ത്രീകൾ.ആ സമൂഹത്തിൽ നിന്നും ഒരു പെൺകുട്ടി പോരാട്ട വഴികളിലേക്കിറങ്ങുന്നു. താൻനടന്നവഴികളിൽഅഗ്നിപടർത്തുന്നു.പിന്നീടുള്ള ആ യാത്ര കേരളത്തിന്റെ നവോത്ഥാന ചരിത്രമാകുന്നു. അതിനെല്ലാം കൂട്ടായി ഗൗരിയക്ക് ഒരു പാർട്ടി കൂട്ടിനുണ്ടായിരുന്നു. മികച്ച ആയുധമുണ്ടെങ്കിലും പോരാടേണ്ടത് പടയാളിയാണെന്ന ഉത്തമ ബോധ്യത്തോടെ ഗൗരിയമ്മ തന്റെ പോരാട്ടങ്ങളിൽ മുന്നേറി.വാഴ്ത്തുപാട്ടുകൾക്കും ഇകഴ്ത്തലുകൾക്കുമപ്പുറം കാമുകിയായി, ഭാര്യയായി, കേരള സമൂഹത്തിന്റെ അമ്മയായി മാറിയ ഒരു പേരായി കെ.ആർ.ഗൗരിയമ്മ ചരിത്ര മനസ്സിൽ ജീവിക്കും