അരുവിക്കര: അരുവിക്കര പോലീസ് സ്റ്റേഷനിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതിമുടക്കം സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പകൽ സമയം സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി ഉണ്ടാകാറില്ല.അരുവിക്കര ജങ്ഷൻ, ഇടത്തറ, പോലീസ് സ്റ്റേഷൻ, ഡാമിന്റെ പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടക്കം പതിവായത്. സന്ധ്യയാകുമ്പോൾ വരുന്ന വൈദ്യുതി അടുത്തദിവസം രാവിലെ വീണ്ടും പോകുകയാണ് പതിവ്. ഇതുകാരണം സ്റ്റേഷന്റെയും സമീപ പ്രദേശങ്ങളിലെ വിവിധ സ്ഥാപനങ്ങളിലെയും ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാകുന്നു. ദീർഘനേരം വൈദ്യുതി നിലയ്ക്കുന്നതു കാരണം പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടർ സംവിധാനങ്ങൾ പലപ്പോഴും തകരാറിലാണ്. ഓൺലൈൻ സംവിധാനം നിലവിൽവന്നശേഷം കോടതികളിൽ എഫ്.ഐ. ആർ. രജിസ്റ്റർ ചെയ്യുന്നത് കംപ്യൂട്ടറിലൂടെയാണ്. വൈദ്യുതിയുടെ അഭാവം കാരണം ഇത് യഥാസമയം ചെയ്യാനാകുന്നില്ല. മേലുദ്യോഗസ്ഥർക്ക് ദിവസവും അയയ്ക്കേണ്ട ഇ-മെയിലുകൾ അയയ്ക്കാനാവുന്നില്ല. തിരഞ്ഞെടുപ്പു സമയമായതിനാൽ കളക്ടർക്കും മറ്റും അയയ്ക്കേണ്ട സന്ദേശംപോലും അയയ്ക്കാനാകാത്ത അവസ്ഥയാണ്.ഫോട്ടോസ്റ്റാറ്റ് എടുക്കാനോ ടോർച്ച്, മൊബൈൽ ഫോൺ തുടങ്ങിയവ ചാർജ് ചെയ്യാനോ സാധിക്കുന്നില്ല. ഷീറ്റിട്ട ഒരു മുറിയിലാണ് പോലീസ് സ്റ്റേഷൻ. കടുത്ത വേനൽച്ചൂടിൽ ഫാൻ പോലുമില്ലാതെ ഷീറ്റിനടിയിൽ വിയർത്തിരിക്കേണ്ട ഗതികേടിലാണ് പോലീസുകാർ. വൈദ്യുതി മുടക്കത്തെക്കുറിച്ച് നിരവധി തവണ വൈദ്യുതി ബോർഡിനെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.