സഞ്ചാരികളുടെയും പ്രകൃതി സ്നേഹികളുടെയും പറുദീസയാണ് വിതുര പഞ്ചായത്തിലെ ബോണക്കാട്. പക്ഷെ കോവിഡിൻ്റെ രണ്ടാം വരവിൽ ബോണക്കാട് ലയങ്ങളിലെ കാഴ്ചകൾ അത്ര ശുഭകരമല്ല. എപ്പോഴും തുറന്നിട്ട വാതിലുകൾക്ക് മുന്നിൽ പുഞ്ചിരിയോടെ കാണാൻ കഴിയുമായിരുന്ന ബോണക്കാട്ടെ നല്ല മനുഷ്യരുടെ വാതിലുകളോ ജനലുകളോ ഇന്ന് തുറന്നു കണ്ടില്ല. എല്ലാം അടച്ചു മൂടി ആളൊഴിഞ്ഞ പ്രതീതി. മഹാമാരിയെ പ്രതിരോധിക്കാൻ ജാഗരൂകരായി കഴിയുകയാണ് ആ നൂറ്റിപ്പത്തോളം കുടുംബങ്ങൾ. ഇന്നുവരെ മുപ്പത്തി രണ്ടു പേർ പോസിറ്റീവായി.
ആളും ആരവുമൊഴിഞ്ഞ ബോണക്കാട്ടെ നല്ല മനുഷ്യർക്ക് കഴിയുന്ന തരത്തിൽ സാന്ത്വനം നൽകുന്നതിനായി ഇന്ന് വിതുര ജനമൈത്രി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനീസ്, എസ്.പി .സി പദ്ധതിയുടെ ഡി.ഐയും സബ് ഇൻസ്പെക്ടറുമായ വി.വി.വിനോദ്, മീനാങ്കൽ സ്കൂളിലെ എസ്.പി.സി അധ്യാപകനായ സദക്കത്തുള്ള എന്നിവരോടൊപ്പം ബോണക്കാട് പോയിരുന്നു. കുട്ടിപ്പോലീസുകാരുടെ പദ്ധതിയായ ‘ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം’ പദ്ധതിയുടെ ഭാഗമായി പോസിറ്റീവായ മുഴുവൻ കുടുംബങ്ങൾക്കും വിതുരയിലെയും മീനാങ്കൽ സ്കൂളിലെയും എസ്.പി.സി.യൂണിറ്റുകളുടെ സഹായവും നൽകി. കഴിഞ്ഞ ലോക്ഡൗണിൽ വിതുരയിലെ വലിയ പോലീസും കുട്ടിപ്പോലീസും ബോണക്കാട് ചെയ്ത നല്ല പ്രവർത്തനങ്ങൾ കൂടുതൽ കരുത്തായി.
നിയുക്ത എംഎൽഎ അഡ്വ.ജി.സ്റ്റീഫൻ എസ്.പി.സി.നെടുമങ്ങാട് ഡിവിഷൻ തല പദ്ധതി ഉദ്ഘാടനം ചെയ്തു. കൂടെ വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.എസ്.ബാബുരാജും വാർഡംഗം വത്സലയും പങ്കെടുത്തു.വിതുര പഞ്ചായത്ത് ഭരണ സമിതി നല്ല രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
അകാരണമായി ആരും കുറച്ചു കാലത്തേയ്ക്ക് ബോണക്കാട്ടേയ്ക്ക് കയറാതിരുന്നാൽ അത് മുൻ നിര പ്രവർത്തകർക്ക് കൂടുതൽ സഹായകമാകുമെന്ന് വിതുര സബ്.ഇൻസ്പെക്ടർ അനീസ് അറിയിക്കുന്നു. പോലീസ് ശക്തമായ നടപടി സ്വീകരിക്കും.