വർക്കല : വർക്കല വെട്ടൂർ വെണ്ണിക്കോട് സ്വദേശിയായ 16കാരി നിരന്തരമായ ലൈംഗികപീഡനത്തിന് ഇരയായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ശബരിയാറിന്റെ മകൻ ജോൺ (28)നെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.
2019 ജനുവരി 20 ന് രാവിലെ 11 30ന് സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്. വർക്കല പോലീസ് ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷിച്ചുവന്ന കേസിൽ കഴിഞ്ഞ മാർച്ച് മാസം മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും രാസപരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ ആത്മഹത്യചെയ്ത ദിവസവും അതിനു മുമ്പും പെൺകുട്ടി പല തവണകളിലായി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടർന്ന് പോലീസ് വിശദമായി അന്വേഷണം നടത്തിയതിൽ പെൺകുട്ടി അറസ്റ്റിലായ ജോണുമായി ഒരു വർഷം അടുപ്പം ഉണ്ടായിരുന്നതായും ജോൺ പെൺകുട്ടിക്ക് വീട്ടുകാരറിയാതെ മൊബൈൽഫോൺ നൽകിയെന്നും കണ്ടെത്തി. മാത്രമല്ല ജോൺ പെൺകുട്ടിയുമായി അടുപ്പത്തിലായ ശേഷം ഒരുവർഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നെന്ന് പോലീസ് പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത ശേഷം അഞ്ചുതെങ്ങിൽ നിന്നും ഒളിവിൽ പോയ ജോൺ ബേപ്പൂർ, മുനമ്പം, എന്നിവിടങ്ങളിൽ ഫിഷിങ് ബോട്ടിൽ ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ജോണിനെ അന്വേഷിച്ച് എത്തിയെങ്കിലും ജോൺ അവിടെ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കന്യാകുമാരിയിൽ മത്സ്യബന്ധന ബോട്ടിൽ ജോലി ചെയ്തു വരുകയായിരുന്ന ജോണിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആഴ്ചതോറും മൊബൈൽ സിം കാർഡ് മാറിമാറി ഉപയോഗിച്ചിരുന്ന ജോണിനെ സൈബർസെല്ലിന്റെ സഹായത്തോടെയാണ് ലൊക്കേറ്റ് ചെയ്തത്.
വർക്കല ഐ.എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ ശ്യാംജി, എസ് സുനിൽകുമാർ, എസ്.സി.പി.ഒമാരായ മുരളീധരൻ, മധുപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റം, 18 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കുറ്റം, നിരന്തരമായി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റകൃത്യങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.