വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ജി. മോഹൻകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എസ്. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പനവൂർ, പനയമുട്ടം, കൊച്ചുകോണം പള്ളിച്ചാക്കോണത്ത് വീട്ടിൽ രവീന്ദ്രന്റെ മകൻ ദിലീപ് കുമാർ താമസിക്കുന്ന താൽക്കാലിക ഷെഡിൽ നിന്നും 150 ലിറ്റർ കോട കണ്ടെടുത്ത് ദിലീപ് കുമാറിന്റെ പേരിൽ കേസെടുത്തു. മദ്യഷാപ്പുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ചാരായ വാറ്റും വിൽപ്പനയും കൂടിയിട്ടുണ്ടെന്നും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ് എന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. കേരള സർക്കാർ നിയമം മൂലം നിരോധിച്ച ചാരായം, ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ കോട എന്നിവ സൂക്ഷിക്കുകയും വിൽപന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതും, ചാരായം വാറ്റിൽ ഏർപ്പെടുന്നതും 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യം ആണ്.പൊതുജനങ്ങൾ പലരും അത് അറിയാതെയാണ് ഇപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്നത്. സിവിൽ എക്സൈസ് ഓഫീസർമാരായ അൻസർ, അനിരുദ്ധൻ, സജീവ്കുമാർ,വിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.