കല്ലമ്പലം : കോഴി ഫാമിന്റെ മറവിൽ വലിയ രീതിയിൽ കോട തയ്യാറാക്കി സൂക്ഷിച്ചു വ്യാവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റി വിൽപ്പന നടത്തി വന്നിരുന്ന പ്രതികളെ എക്സൈസ് പിടികൂടി. കോഴി ഫാമിന്റെ ഉടമ മൈലവിള അമീനുദ്ധീൻ മൻസിലിൽ അബ്ദുൽ മജീദിന്റെ മകൻ അനസ് (32), സഹായി അയിരൂർ വട്ടക്കര മൂല രതി ഭവനിൽ സുകുമാരന്റെ മകൻ സുദർശനൻ (47) എന്നിവരെയാണ് വർക്കല എക്സൈസ് പിടികൂടിയത്.
ഊന്നിന്മൂട് പുതുവൽ കളീക്കൽ പള്ളിക്ക് സമീപമുള്ള കോഴി ഫാമിലാണ് പ്രതികൾ ചാരായവാറ്റ് നടത്തി വന്നിരുന്നത്. ഒരു ലിറ്റർ ചാരായം 2000 രൂപ വരെ വിലയ്ക്കാണ് വർക്കല താലൂക്ക് പ്രദേശങ്ങളിലും മറ്റും വില്പന നടത്തി വന്നിരുന്നത്. സമീപ ജില്ലയിൽ നിന്നുള്ളവർക്ക് പോലും പ്രതികൾ ചാരായം എത്തിച്ചുകൊടുത്തിരുന്നു എന്നാണ് വിവരം.കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.നൗഷാദ് അറിയിച്ചു.
പ്രതികളെ പിടികൂടുന്ന സമയം വില്പനക്ക് തയാറാക്കി വെച്ചിരുന്ന 10 ലിറ്റർ ചാരായം, ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ ബാരലുകളിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോട, ചാരായം വാറ്റുന്നതിനായി ഉപയോഗിച്ച ഗ്യാസ് സ്റ്റവ്, സിലിണ്ടർ, മറ്റ് വാറ്റ് ഉപകരണങ്ങൾ, എന്നിവയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം നൗഷാദ്, പ്രിവന്റീവ് ഓഫീസർമാരായ എ. അഷ്‌റഫ്, രതീശൻ ചെട്ടിയാർ,സിവിൽ എക്സൈസ് ഓഫീസർമാരായ എസ് സജീർ, വൈശാഖ്, അഭിഷേക് (ട്രെയിനി) എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഇത്തരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉത്‌പാദനവും വിതരണവും പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടുന്ന പക്ഷം,9447556578 ,04702692212 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് എക്സ്സൈസ് ഓഫീസർ അറിയിച്ചു.