കഠിനംകുളത്ത് കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്പും പിടികൂടി. 51 ചാക്ക് അരിയും 12 ചാക്ക് ഗോതമ്പുമാണ് കഠിനംകുളം പോലീസ് പിടിച്ചെടുത്തത്.
തിരുവനന്തപുരം റൂറൽ എസ്പി യ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അരിയും ഗോതമ്പും കണ്ടെത്തിയത്. വിഴിഞ്ഞം സ്വദേശി സക്കീറിന്റെ പേരിൽ വാടകയ്ക്കെടുത്ത കടമുറിയിലാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. പൂവാറുള്ള ഗോഡൗണിലെത്തിച്ച റേഷനരിയാണ് പുതിയ ചാക്കുകളിൽ നിറച്ച് കരിഞ്ചന്തയിൽ വിൽക്കാൻ വച്ചിരുന്നത്.
അരി മറിച്ചുവിറ്റ കരാർ വിതരണക്കാരനെ കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. റേഷൻ വിതരണ കരാറെടുത്തിട്ടുള്ള കൂടുതൽ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് പോവുകയാണെന്ന് കഠിനംകുളം പൊലിസ് അറിയിച്ചു. കണ്ടെടുത്ത അരിയും ഗോതമ്പും സിവിൽ സപ്ലൈസിന് കൈമാറും. ജില്ലാ സപ്ലൈ ഓഫീസറും ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തി.