വെഞ്ഞാറമൂട്ടിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും, വർക്ക് ഷോപ്പിൽ നിന്ന് വിലകൂടിയ ബാറ്ററികളും കവർന്നു. മൃഗാശുപത്രിക്ക് സമീപം മൈലയ്ക്കൽ സാജൻ മൻസിലിൽ സാജന്റെ വീടാണ് കുത്തിത്തുറന്ന് സ്വർണം കവർന്നത്. ആളില്ലാതിരുന്ന വീടിന്റെ ചായ്പ്പിൽ സൂക്ഷിച്ചിരുന്ന മൺവെട്ടി ഉപയോഗിച്ച് വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്. അലമാരകളും മറ്റും തുറന്ന് തുണികളും സാധന സാമഗ്രികളും വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നതെന്ന് പരാതിയിൽ പറയുന്നു. എം.സി റോഡിൽ പൊലീസ് സ്റ്റേഷന് സമീപം സേവ് യു ആട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ നിന്നാണ് വിലകൂടിയ ബാറ്ററികളും മറ്റ് സാധനങ്ങളും കവർന്നത്.