പള്ളിക്കൽ : മുക്കുപണ്ടം പണയം വെച്ച് സ്വർണ്ണ പണയ സ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തെ , തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാത്തിൽ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ, മാങ്കോട് വില്ലേജിൽ മതിര കിഴുനില പാറവിള വീട്ടിൽ റഹീമി(30)ന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അറസ്റ്റിൽ ആയത്.
പള്ളിക്കൽ എൽ.പി.എസ്സിന് സമീപം നാസിം മൻസിലിൽ ബഹദൂർ എന്ന് വിളിക്കുന്ന നവാസ് (55) , പള്ളിക്കൽ മുക്കംകോട് വാഴവിള വീട്ടിൽ അലിഫുദീൻ (59) ,മടവൂർ , തുമ്പോട് ജെ.എൻ മൻസിലിൽ അസ്ലം (20) , മടവൂർ ,സീമന്തപുരം നക്രാംകോണം അൻസർ മൻസിലിൽ അക്ബർ (20) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ .
പള്ളിക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫൈനാൻസ് ലിമിറ്റഡ് , മഹാലക്ഷ്മി ഫൈനാൻസിയേഴ്സ് , പകൽക്കുറിയിൽ പ്രവർത്തിക്കുന്ന അഖിലേഷ് ഫൈനാൻസ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് പ്രതികൾ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയത്. പ്രതികൾ പണയം വെച്ച മുക്കുപണ്ടങ്ങൾ യഥാർത്ഥ സ്വർണ്ണത്തെപ്പോലും വെല്ലുന്ന തരത്തിലാണ് നിർമ്മിച്ചിരുന്നത്. അത് കൊണ്ട് സ്ഥാപനങ്ങളിലെ ആധുനിക ഗുണമേന്മാ പരിശോധനകളിൽ പോലും ഇവ വ്യാജമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലാ. അത്രക്ക് വിദഗ്ദമായ തരത്തിൽ ആയിരുന്നു ആഭരണങ്ങൾ രൂപകൽപ്പന ചെയ്തിരുന്നത്. ഒന്നാം പ്രതിയായ റഹീം സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാന കുറ്റത്തിന് പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് .
കോടതിയിൽ ഹാജരാക്കിയ പ്രതികളെ ആറ്റിങ്ങൽ സബ് ജയിലിൽ റിമാന്റ് ചെയ്തു. പ്രതികൾ നിലവിലെ കേസ്സുകൾ കൂടാതെ വിവിധ ജില്ലകളിലായി സംസ്ഥാനത്ത് ഒട്ടനവധി ധനകാര്യ സ്ഥാപനങ്ങളിലും , ബാങ്കുകളിലും മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരെ കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തിയാൽ മറ്റ് തട്ടിപ്പുകളും തെളിയിക്കാനാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി. അശോകൻ ഐ.പി.എസ്സ് ന്റെ നിർദ്ദേശപ്രകാരം പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ ഡി.മിഥുന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ വി. ഗംഗാപ്രസാദ് റൂറൽ ഷാഡോ ടീമിലെ ബി. ദിലീപ് , പള്ളിക്കൽ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ജിഷി ബാഹുലേയൻ , ഷാൻ , അനീഷ് , ശ്രീരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്