വർക്കല: വർക്കല താലൂക്കിലുടനീളം തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചു വരുമ്പോഴും നടപടികൾ സ്വീകരിക്കുവാൻ പ്രാദേശിക ഭരണകൂടങ്ങൾക്കാകുന്നില്ല. പാപനാശം മേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും പുറംതള്ളുന്നതും പാപനാശം മേഖലയിലും വഴിയോരങ്ങളിൽ കൊണ്ട് വന്ന് തള്ളുന്ന മാലിന്യങ്ങളുമാണ് ഇവയുടെ ആഹാരം.
കല്യാണ ഓഡിറ്റോറിയങ്ങളിലെ വരെ ഭക്ഷണാവശിഷ്ടങ്ങൾ പൊതുനിരത്തുകളിലാണിപ്പോൾ നശിക്കുന്നത്. ഭക്ഷണം സുരഭമായതോടെ ഇവയും ക്രമാധീതമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ സീസണിൽ നിരവധി സഞ്ചാരികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. പരിക്കേറ്റവരിൽ വിദേശികളും ഉൾപ്പെടും.
വർക്കല മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം വാഹനയാത്രക്കാരെയും കാൽനടക്കാരെയും വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നായ്ക്കളുടെ കടിയേറ്റ് വർക്കല താലൂക്കാശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. പലപ്പോഴും പ്രതിരോധ മരുന്നിന്റെ അഭാവം മൂലം മറ്രാശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുളളത്. പഞ്ചായത്ത് തലത്തിൽ വന്ധ്യംകരണ യൂണിറ്റുകൾ സ്ഥാപിക്കുകയും മൃഗാശുപത്രികളിൽ വെറ്ററിനറി സർജൻമാരെയും അനുബന്ധ ജീവനക്കാരെയും ഉൾപ്പെടുത്തി മൃഗാശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. പഞ്ചായത്ത് ഓഫീസുകളുടെയും മറ്റ് സർക്കാർ ഓഫീസുകളുടെയും അനുബന്ധമായി പ്രവർത്തിക്കുന്ന മൃഗാശുപത്രികൾ വന്ധ്യംകരണ യൂണിറ്റ് സ്ഥാപിക്കുന്നതിന് അപര്യാപ്തമാണ്. ഇക്കാര്യത്തിൽ പ്രാദേശിക ഭരണകൂടവും ജനപ്രതിനിധികളും മൃഗസംരക്ഷണ വകുപ്പും മുൻകൈയെടുക്കണം.