അരുവിക്കര മണ്ഡലത്തിലെ റോഡ് നിർമാണ, അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മണ്ഡലത്തിലെ റോഡുകളുടെ സ്ഥിതി വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി.
ചക്കിപ്പാറ – കൊണ്ണിയൂർ റോഡ് നിർമാണത്തിലെ തടസങ്ങൾ പരിഹരിച്ചു രണ്ടു ദിവസത്തിനകം ജോലികൾ പുനരാരംഭിക്കാൻ മന്ത്രി നിർദേശം നൽകി. പതിവായി അപകടമുണ്ടാകുന്ന ഉറിയാക്കോട് ജങ്ഷനിലെ വളവ് നേരെയാക്കുന്നതിനു വിശദമായ പദ്ധതി രേഖ തയാറാക്കും. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തുടർന്ന് നടപടി സ്വീകരിക്കും.
100 ദിന പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള മണ്ഡലത്തിലെ നാലു റോഡുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കും. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ഓടകളിൽ സ്ലാബ്, ഫുട്പാത്ത് ഹാൻഡ് റെയ്‌ലിംഗ് എന്നിവ ഉടൻ പൂർത്തിയാക്കും. നെടുമങ്ങാട് – അരുവിക്കര – വെള്ളനാട് റോഡ് നിർമാണത്തിനുള്ള പദ്ധതി രേഖ നിലവിലുണ്ട്. കിഫ്ബിയാണു നിർവഹണ ഏജൻസി. അരുവിക്കര പാലം 12 മീറ്റർ ആയി വീതി കൂട്ടി പാലം നിർമിക്കുന്നതും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
ജി. സ്റ്റീഫൻ എം.എൽ.എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സന്ദർശനത്തിനു ശേഷം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേർത്തു. ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.