വെഞ്ഞാറമൂട് : കെഎസ്ആർടിസി ബസ്സിനുള്ളിൽ കുഴഞ്ഞു വീണ യുവാവിനെ ആ ബസ്സിൽ തന്നെ ആശുപത്രിയിൽ എത്തിച്ച് മാതൃകയായി മാറിയിരിക്കുകയാണ് ബസ്സിലെ ഡ്രൈവറും കണ്ടക്ടറും. ഇന്ന് രാവിലെയാണ് സംഭവം. കിളിമാനൂരിൽ നിന്ന് വെഞ്ഞാറമൂടിലെക്കുള്ള വഴിമധ്യേ വെഞ്ഞാറമൂട് എത്തുന്നതിനു മുൻപുള്ള ഗതാഗത കുരുക്കിൽപെട്ട് ഏറെ നേരം ബസ് കിടന്നു. അതിനിടയിലാണ് മുൻ സീറ്റിൽ ഇരുന്ന യാത്രക്കാരൻ പെട്ടെന്ന് കുഴഞ്ഞ് വീണത്. യാത്രക്കാരും ബസ് ജീവനക്കരും ചേർന്ന് തട്ടി വിളിക്കുകയും മറ്റും ചെയ്‌തെങ്കിലും യാതൊരു അനക്കവുമില്ലായിരുന്നു. തുടർന്ന് ഉടൻ തന്നെ മറ്റു യാത്രക്കാരെ അടുത്ത ബസ്സിൽ കയറ്റി വിട്ട ശേഷം കുഴഞ്ഞു വീണ യുവാവിനെയും കൊണ്ട് ബസ് നേരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പാഞ്ഞു. ആയൂർ സ്വദേശി ഉണ്ണികൃഷ്ണൻ ആണ് കുഴഞ്ഞു വീണത്. ആശുപത്രിയിൽ എത്തി തക്ക സമയത്ത് ചികിത്സ ലഭിച്ചതിനാൽ ഇയാളുടെ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വെഞ്ഞാറമൂട് ഡിപ്പോയിൽ കയറിയ ശേഷം തിരുവനന്തപുരം പോകാനുള്ള ബസ്സിലാണ് സംഭവം നടന്നത്. കിളിമാനൂർ ഡിപ്പോയിലെ ഡ്രൈവർ കല്ലറ സ്വദേശി അജികുമാറും കണ്ടക്ടർ നഗരൂർ സ്വദേശി അനുരൂപും സമയോചിതമായി ഇടപെട്ടത് മൂലം ഒരാളുടെ ജീവൻ രക്ഷിക്കാനായി. മാത്രമല്ല മറ്റു യാത്രക്കാരും സഹകരിച്ചത് ഉണ്ണികൃഷ്ണനെ വളരെ വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാനായി.