കഠിനംകുളം : തീരദേശ സംരക്ഷണത്തിനായി സർക്കാർ അനുവദിച്ച പൊലീസ് സ്പീഡ് ബോട്ട് ഉപയോഗ ശൂന്യമായി നശിക്കുന്നു. സ്പീഡ് ബോട്ട് കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിസരത്ത് ഉപയോഗ ശൂന്യമായി കിടക്കുവാൻ തുടങ്ങിയിട്ട് നാളുകളായി. പൊലീസിന് എളുപ്പം ചെന്നെത്താൻ പറ്റാത്ത തുരുത്തുകളിലും തീരങ്ങളിലും നടക്കുന്ന മണലൂറ്റ്, കള്ളക്കടത്ത്, അക്രമങ്ങൾ എന്നിവ തടയുന്നതിന് വേണ്ടിയാണ് വർഷങ്ങൾക്ക് മുൻപ് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ബോട്ട് അനുവദിച്ചത്. സമീപ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കും മൂൻകൂർ അനുവാദം വാങ്ങാതെ ബോട്ട് ഉപയോഗിക്കാവുന്നതാണ്. ചിറയിൻകീഴ് പുളിമൂട്ടിൽകടവിലായിരുന്നു മുൻകാലങ്ങളിൽ പാർക്കിംഗ് ഏരിയാ ഒരുക്കിയിരുന്നത്. ആദ്യ കാലങ്ങളിൽ ബോട്ട് ഓടിക്കുന്നതിന് പരിശീലനം ലഭിച്ച ഡ്രൈവർ ഇല്ലാത്തത് കാരണം കുറേക്കാലം ഉപയോഗിക്കാതെ കിടന്നു. ഇതിനിടയിൽ രണ്ട് പ്രാവശ്യം ബോട്ടിൽ വെള്ളം കയറി മുങ്ങുകയും എൻജിൻ തകരാറിലാവുകയും ചെയ്തു. ബന്ധപ്പെട്ട മെക്കാനിക്ക് എത്തുവാൻ വൈകിയതിനാൽ ഏറെക്കാലം പുളിമൂട്ടിൽ കടവിൽ ഇത് ഉപയോഗശൂന്യമായി കിടന്നു. തുടർന്നാണ് ബോട്ട് കഠിനംകുളം പൊലീസിന് കൈമാറിയത്. ഒരു വർഷക്കാലം കഠിനംകുളം പൊലീസ് ഉപയോഗിച്ചെങ്കിലും വീണ്ടും എൻജിൻ തകരാർ കാരണം കട്ടപ്പുറത്താവുകയായിരുന്നു. ഇതിനിടയിൽ എൻജിൻ പണി അടക്കമുള്ള ബോട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിച്ച് വരികെയാണ് ഡ്രൈവർ സ്ഥലം മാറി പോയത്. എത്രയും വേഗം ബോട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തി ഡ്രൈവറെ അടിയന്തരമായി നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.