പേയാട് :പേയാട് വിട്ടിയം ഭദ്രകാളി ദേവീ ക്ഷേത്രത്തില്‍ സാമൂഹ്യവിരുദ്ധര്‍ കടന്നുകയറി നാശനഷ്ടങ്ങളുണ്ടാക്കി. പൊതു തെരഞ്ഞെടുപ്പു ദിവസം അര്‍ധരാത്രിയാണ് സംഭവം. ക്ഷേത്ര കാമ്പൗണ്ടിനുള്ളില്‍ സ്ഥാപിച്ചിരുന്ന കേരളാ ക്ഷേത്ര സംരക്ഷണ സമിതിയുടെ മുദ്ര ആലേഖനം ചെയ്ത കാവിക്കൊടി കൊടിമരത്തില്‍ നിന്ന് അറുത്തു മാറ്റി.ഉത്സവ പൂജയ്ക്കും, ക്ഷേത്രാചാര ചടങ്ങുകള്‍ക്കും വിശേഷ ദിവസങ്ങളില്‍ പൂക്കളമിടുന്നതിനുമായി തിരുമുറ്റത്ത് സ്ഥാപിച്ചിരുന്ന പരമ്പരാഗത രീതിയില്‍ നിര്‍മിച്ച ഓലപ്പുര അക്രമികള്‍ പൊളിച്ചെടുത്ത് കൊണ്ടുപോയി.
പത്താമുദയ വിശേഷാല്‍ പൂജക്കായി നടതുറക്കാനെത്തിയ പൂജാരിയാണ് അക്രമം നടന്ന വിവരം ക്ഷേത്രസമിതി സെക്രട്ടറിയെ അറിയിച്ചത്. സെക്രട്ടറി മഹേഷ് വിളപ്പില്‍ശാല പോലീസില്‍ പരാതി നല്കി. ക്ഷേത്രത്തിലേത്തിയ വിളപ്പില്‍ശാല പോലീസ് തെളിവെടുപ്പ് നടത്തി. സമീപത്തെ വീടുകളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.