നെടുമങ്ങാട് : ഹൈടെക് സ്മാർട്ട് ക്ലാസ് റൂമുകൾ, മൾട്ടി മീഡിയ തീയേറ്റർ സമുച്ചയം, കളിക്കളം, കോൺഫറൻസ് ഹാൾ, ലൈബ്രറി, റീഡിംഗ് റൂം, ലാബുകൾ, ടാലന്റ് ലാബുകൾ, ലാംഗ്വേജ് ലാബുകൾ തുടങ്ങി ഒരു സർക്കാർ സ്കൂളിന് സ്വപ്നം കാണാവുന്നതിനുമപ്പുറമാണ് ഇവിടെ സജ്ജമാവുന്നത്. താലൂക്കിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറാനുള്ള ഭാഗ്യം. കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം ഈ വേനലവധിക്കാലത്ത് പൂർത്തിയാകും. 12 കോടി രൂപയുടെ മൂന്നു ഘട്ടങ്ങളായുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതികളായ കൈറ്റും വാപ്കോസും രൂപരേഖ തയാറാക്കി. കിഫ്ബിയിൽ നിന്നും 5 കോടി രൂപ സംസ്ഥാന ഗവൺമെന്റ് വിഹിതമായി ലഭിച്ചു. ഏഴ് കോടി രൂപ ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും ഒത്തൊരുമയിലൂടെ കണ്ടെത്താനുള്ള പരിശ്രമമാണ്. ഇക്കൊല്ലം പുതിയ മുഖച്ഛായയിലാവും മൂവായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന നെടുമങ്ങാട് ഗേൾസ് സ്കൂളിലെ പ്രവേശനോത്സവം.
ഒന്നര നൂറ്റാണ്ടിന്റെ ചരിത്രവും പേറിയാണ് മുത്തശ്ശി പള്ളിക്കൂടം ഹൈടെക്കാവുന്നത്. കുടിപ്പള്ളിക്കൂടമായി ആരംഭിച്ച്, ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് ഇന്റർമീഡിയറ്റ് സ്കൂളായി അപ് ഗ്രേഡ് ചെയ്യപ്പെട്ട വിദ്യാലയത്തിൽ ആദ്യകാലങ്ങളിൽ ആൺകുട്ടികൾക്കും പ്രവേശനമുണ്ടായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അരനൂറ്റാണ്ട് മുമ്പാണ് ഗേൾസ് സ്കൂളായി വേർപെടുത്തിയത്. പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിലാകെ ശ്രദ്ധേയമായ മികവ് പുലർത്തിയ പെൺപള്ളിക്കൂടത്തെ നെടുമങ്ങാട് എം.എൽ.എയുടെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ മാർഗരേഖ തയാറാക്കിയത്. പത്താം തരത്തിലും ഹയർ സെക്കൻഡറിയിലും തുടർച്ചയായി 99 ശതമാനത്തിലേറെ വിജയം കൈവരിച്ച പെൺ വിദ്യാലയത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തിയാണ് സർക്കാരും രക്ഷകർത്താക്കളും ചേർന്ന് കൈത്താങ്ങ് ഒരുക്കിയത്.