ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ദേശീയ പാത നാലുവരിപ്പാതയാക്കിയിട്ടും പരിഹാരമാകാതെ ഗതാഗതക്കുരുക്ക്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള ഭാഗം നാലുവരിയായി വികസിപ്പിച്ചത്.റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. രണ്ടാംഘട്ട ടാറിടലും ചില സ്ഥലങ്ങളിൽ നടപ്പാതയുൾപ്പെടെയുള്ളവയുടെ നിർമാണവും മാത്രമാണ് ഇനി അവശേഷിക്കുന്നത്. പാത നാലുവരിയാകുന്നതോടെ നഗരത്തിലെ ഗതാഗതം സുഗമമാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുന്ന കാഴ്ചയാണ് ഇപ്പോൾ ആറ്റിങ്ങലിൽ കാണുന്നത്. ആംബുലൻസുകൾ പോലും മണിക്കൂറോളം ഗതാഗത കുരുക്കിൽ പെടുന്നു. കുരുക്ക് മുറുക്കി അനധികൃത വാഹന പാർക്കിങ്ങും ആറ്റിങ്ങലിൽ പതിവ് കാഴ്ചയാണ്.
ആറ്റിങ്ങൽ എൽഎംഎസ് ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. ഡിവൈഡർ മുറിച്ചിട്ടുള്ള ഇവിടെ വാഹനങ്ങൾ യു ടേൺ തിരിഞ്ഞു പോകാറുണ്ട്. എന്നാൽ ഇവിടെ എന്നും ചെറുതും വലുതുമായ അപകടങ്ങൾ നടക്കുന്നതയാണ് പ്രദേശവാസികൾ പറയുന്നത്. ഇന്ന് ഉച്ചയ്ക്ക് ബസ്സിനടിയിൽപെട്ട സ്കൂട്ടർ യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസ്സിനടിയിൽ കുടുങ്ങിയ സ്കൂട്ടർ കണ്ട് ആളുകൾ അന്തംവിട്ടുപോയി. ഭാഗ്യം കൊണ്ട് മാത്രമാണ് യുവാവ് രക്ഷപ്പെട്ടത്. ആറ്റിങ്ങലിലേക്ക് പോയ സ്കൂട്ടറിന് പിന്നാലെ വന്ന സ്വകാര്യ കോളേജ് ബസ് ഇടിക്കുകയും സ്കൂട്ടർ ബിസിനടിയിൽ പെടുകയുമായിരുന്നു. അപകടത്തെ തുടർന്നു ഗതാഗത കുരുക്ക് കൂടുതൽ രൂക്ഷമായി. വെള്ളിയാഴ്ച ദിവസം ഇളവുകൾ കൂടുതൽ പ്രഖ്യാപിച്ചതിനാൽ വൻ തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. എന്നാൽ എല്ലാ നിയന്ത്രണങ്ങളും കടന്ന് പൂർണ ഇളവുകളിലേക്ക് കടക്കുമ്പോൾ പൊതു ഗതാഗതത്തിനു സ്വകാര്യ ബസും ഓട്ടോയും ഉൾപ്പെടെ ഓടി തുടങ്ങുമ്പോൾ ആറ്റിങ്ങലിലെ ഗതാഗത കുരുക്ക് എന്ത് ആകുമെന്നാണ് ജനങ്ങൾ സംശയം പ്രകടിപ്പിക്കുന്നത്.