വെഞ്ഞാറമൂട്ടിൽ രോഗിയുമായി വന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരും കിളിമാനൂര്‍ ചുട്ടയില്‍ സ്വദേശികളുമായ പ്രശാന്ത് (32), പ്രസന്നകുമാര്‍ (70), പത്മകുമാരി അമ്മ (60), ആംബുലൻസ് യാത്രികരായ ഈട്ടിമുട് സ്വദേശി കനകലോചന (61), മകന്‍ ഷിബു (38), മകള്‍ ഷീജ (42), ബന്ധുവായ ബിനു (42) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്.
ഇന്ന് ഉച്ചയോടെ എം സി റോഡില്‍ ആലന്തറയായിരുന്നു അപകടം. കടയ്ക്കല്‍ നിന്നും മെഡിക്കല്‍ കോളേജിലേയ്ക്ക് രോഗിയായ കനകലോചനയുമായി വരുകയായിരുന്ന ആംബുലന്‍സ് ആലന്തറ പെട്രോള്‍ പമ്പില്‍ നിന്നും റോഡിലേയ്ക്ക് വന്നിറങ്ങിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് ലോക്കായതിനാല്‍ ഡോറുകള്‍ തുറക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സ് എത്തി ലോക്ക് പൊളിച്ച് ആംബുലന്‍സില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നു പരിക്കേറ്റവരെ വെഞ്ഞാറമൂട് അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.