നെടുമങ്ങാട്: ഉടമ അറിയാതെ വ്യാജ വാഹന വില്പന കരാറുണ്ടാക്കി ടിപ്പർ ലോറി വിറ്റ് ലക്ഷങ്ങൾ അപഹരിച്ച കേസിൽ പനവൂർ വാഴോട് വിളയിൽ ആഷ്ന മൻസിലിൽ ബി. നാസിം (42) നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി. മണക്കാട് സ്വദേശി സതീഷിന്റെ പരാതിയിലാണ് അറസ്റ്റ്. ഫസിലുദ്ദിൻ എന്നയാളുടെ ടിപ്പർ ഇദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ കരാറിലൂടെ സതീഷിന് വിറ്റ് 2.80 ലക്ഷം രൂപ കൈപ്പറ്റുകയും ഉടമ്പടി പ്രകാരം 1.80 ലക്ഷം രൂപ സി.സി ആയി ബാങ്ക് മുഖേനെ അടപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സി.സി അടച്ചിട്ടും ഒറിജിനൽ ആർ.സി ബുക്കും ഇൻഷ്വറൻസും നല്കാതെ വിശ്വാസ വഞ്ചന കാട്ടിയപ്പോഴാണ് സതീഷ് പൊലീസിനെ സമീപിച്ചത്. നാസിമിനെതിരെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാറിന്റെയും ഇൻസ്പെക്ടർ വി. രാജേഷ് കുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.