അഞ്ചുതെങ്ങ് : കടലോര മേഖലയിൽ ന്യൂനമർദ മുന്നറിയിപ്പിനെത്തുടർന്നു അഞ്ചുതെങ്ങ് കടലോരം ഭീതിയിൽ. മുതലപ്പൊഴി മൽസ്യബന്ധന തുറമുഖ നിർമാണ കേന്ദ്രത്തിനോടു ചേർന്നുള്ള താഴംപള്ളി, പൂത്തുറ, മണ്ണാക്കുളം, നെടുംതോപ്പ്, അഞ്ചുതെങ്ങ് കോട്ട, പഞ്ചായത്തോഫിസ്, വേലിയ്ക്കകം, തരിശുപറമ്പ്, ശിങ്കാരത്തോപ്പ് കല്ലുകടവ് എന്നിവിടങ്ങളിൽ ശക്തമായ തിരയടിയിൽ വ്യാപക നഷ്ടങ്ങളുണ്ടായി. 25ൽപ്പരം വീടുകൾക്കു കടലാക്രമണത്തിൽ സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. ഇതിനിടെ വൈകുന്നേരങ്ങളിൽ സഞ്ചാരികളെക്കൊണ്ടു നിറഞ്ഞുകവിഞ്ഞിരുന്ന പെരുമാതുറ പാലം–മുതലപ്പൊഴി മൽസ്യബന്ധന തുറമുഖ നിർമാണ തീരങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളും കഴിഞ്ഞ മൂന്നു ദിവസങ്ങളായി ആളൊഴിഞ്ഞ നിലയിലാണ്.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായി മൽസ്യബന്ധനോപകരണങ്ങളടക്കം ബോട്ടുകളുൾപ്പെടെ കരയിൽ സുരക്ഷിത സ്ഥാനങ്ങളിലടുപ്പിച്ചു കൂട്ടപ്രാർഥനയിൽ മുഴുകിയിരിക്കുകയാണു അഞ്ചുതെങ്ങ് പെരുമാതുറ മുതൽ നെടുങ്ങണ്ട കാപ്പിൽ തീരം വരെ നീളുന്ന കടലോരത്തെ മൽസ്യത്തൊഴിലാളി കുടുംബങ്ങൾ. ന്യൂനമർദ മുന്നറിയിപ്പുണ്ടായതു മുതൽ കടലിൽ മൽസ്യബന്ധനത്തിനിറങ്ങാത്തതുമൂലം മൽസ്യത്തൊഴിലാളി കുടുംബങ്ങൾ വറുതിയിലാണ് . സൗജന്യ റേഷനടക്കം ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ റവന്യൂ അധികൃതരുടെ ഇടപെടൽ ഉണ്ടാവണമെന്നും സർക്കാർ തലത്തിൽ ആവശ്യമായ നടപടികൾ പൂർത്തീകരിക്കണമെന്നും വിവിധ മൽസ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു.